കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ഗുണ്ടാ ആക്രമണം. ചന്ത കടവ് വടശേരിൽ ലോഡ്ജിന് പിന്നിലെ വാടക വീട്ടിലാണ് ഗുണ്ടാ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച (29 ജൂൺ) രാത്രി ഒൻപത് മണിക്ക് ശേഷം രണ്ട് വാഹനങ്ങളിലെത്തിയ 14 - ഓളം പേർ ചേർന്ന് വീട്ടിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. ഗുണ്ടാ സംഘത്തിന്‍റെ ആക്രമത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു.
also read:ജമ്മുവിൽ വീണ്ടും ഡ്രോൺ; സുരക്ഷ ശക്തമാക്കി
ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ് , അമീർ ഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവർക്കൊപ്പം പൊൻകുന്നം സ്വദേശിയായ യുവതിയുമുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശി അക്രമത്തെ ഭയന്ന് ഓടി രക്ഷപ്പെട്ടു. വെട്ടേറ്റവർ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് അന്വേഷണം ഊർജിതം
സംഭവമറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലിസ് എത്തുമ്പോൾ സംഘം രക്ഷപ്പെട്ടിരുന്നു. അതേസമയം അനാശാസ്യ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണോയെന്നു പൊലീസ് സംശയിക്കുന്നു. വീട് വാടകയ്ക്ക് എടുത്തിരുന്നത് ഇവരല്ല എന്ന് വീട്ടുടമ പൊലിസിനോട് പറഞ്ഞിട്ടുണ്ട്.
അക്രമികളും പരിക്കേറ്റവരും തമ്മിൽ അറിയുന്നവരാണെന്നും പൊലീസ് കരുതുന്നു. അതേസമയം നഗരത്തിൽ പ്ളംബിഗ് ജോലിക്ക് വന്നതാണെന്നും ഭക്ഷണം പാചകം ചെയ്യാനാണ് യുവതി ഒപ്പം താമസിച്ചതെന്നുമാണ് പരിക്കേറ്റവർ പറഞ്ഞത്. എന്നാൽ പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല . സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.