കോട്ടയം: വൈക്കത്ത് വേമ്പനാട്ട് കായൽ നീന്തി കീഴടക്കി ഒന്നാം ക്ലാസുകാരി വിസ്‌മയമായി. വാരപ്പെട്ടി ഇളങ്ങവം പുളിങ്കാംകുന്നത്ത് പ്രവീൺ - ചിഞ്ചു ദമ്പതികളുടെ മകൾ പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ഗായത്രി പ്രവീണാണ് മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള വേമ്പനാട്ടുകായൽ നീന്തിക്കടന്നത്. വേമ്പനാട്ട് കായൽ നീന്തികടക്കുന്ന ഏറ്റവും പ്രായ കുറഞ്ഞ കുട്ടി എന്ന റെക്കോർഡാണ് ആറു വയസുകാരിയായ ഗായത്രി നേടിയിരിക്കുന്നത്.
ശനിയാഴ്‌ച രാവിലെ 8.30നാണ് ചേർത്തല തവണക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേക്ക് ഗായത്രി നീന്തിയത്. മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള കായൽ ഒന്നേമുക്കാൽ മണിക്കൂർ കൊണ്ടാണ് ഗായത്രി മറികടന്നത്. നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്‍റെ ശിക്ഷണത്തിലാണ് ഗായത്രി നീന്തൽ അഭ്യസിച്ചത്.
കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന് കീഴിൽ വാരപ്പെട്ടി പഞ്ചായത്ത് കുളത്തിലും കോതമംഗലം പുഴയിലെ കറുകടം ചെക്ക് ഡാമിലുമായി ഒരു വർഷമായി നീന്തൽ പരിശീലനം നടത്തിവരികയായിരുന്നു. കായലിൽ നീന്താനായി ആറു മാസമായി പരിശീലനം നടത്തിയിരുന്നു. നീന്തലറിയാത്ത ഗായത്രിയുടെ മാതാവ് ചിഞ്ചുവിനും മകളുടെ നേട്ടം ഇരട്ടിമധുരമായി.
വൈക്കം നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം, ചലച്ചിത്രനടൻ ചെമ്പിൽ അശോകൻ, ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, വിവിധ സ്ഥാപന ഉടമകൾ തുടങ്ങി നിരവധി പേർ ഗായത്രിയെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.