കോട്ടയം : ചങ്ങനാശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിലൂടെ നടക്കണമെങ്കിൽ മൂക്കുപൊത്തണം. ദുർഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരമാണ് സ്‌കൂളിന് മുന്നിൽ ഉള്ളത്(Garbage issue in front of Changanassery Govt. higher-secondary school). പുലർച്ചെയും രാത്രിയിലുമായി വാഹനങ്ങളിലെത്തുന്നവർ കൊണ്ടിടുന്നതാണ് ഇവിടെ മാലിന്യങ്ങൾ. പലതും മഴയത്ത് അഴുകി പുഴുവരിക്കുന്ന നിലയിലാണ്. സ്‌കൂൾ അധികൃതർ നഗരസഭയിലും പോലീസിലും പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.
സ്‌കൂൾ കുട്ടികൾ സ്‌കൂളിലെത്തുന്ന സമയത്തുപോലും ആളുകൾ വാഹനത്തിലെത്തി മാലിന്യങ്ങൾ കൊണ്ടിട്ടുപോകുന്നതായി അധ്യാപകർ പറയുന്നു . വിദ്യാർഥികൾ ഇതിനെ ചോദ്യം ചെയ്‌താൽ വലിയ ഭീഷണിയാണ് തിരിച്ച് ലഭിക്കുക. അതു കൊണ്ട് തന്നെ വിദ്യാർഥികൾ മൗനം പാലിക്കുകയാണ് പതിവ്. സ്‌കൂളിന് മുന്നിൽ ക്യാമറ സ്ഥാപിച്ചിട്ടും പ്രയോജനമില്ലെന്നാണ് പി.ടി.എ ഭാരവാഹികൾ പറയുന്നത്. പി.ടി.എയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ കാവലേർപ്പെടുത്തി മാലിന്യമിടുന്നവരെ പിടികൂടാനുള്ള ആലോചനയിലാണ് രക്ഷിതാക്കള്‍.
സ്‌കൂളിന് മുന്നിലെ മാലിന്യപ്രശ്‌നം നിരവധി തവണ നഗരസഭാധികൃതരുടെ മുന്നിലും പോലീസിലും അറിയിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.