കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ കുറ്റം നിഷേധിച്ച് ഫ്രാങ്കോ മുളയ്ക്കൽ. തുടർന്ന് കേസിന്‍റെ വിചാരണ അടുത്തമാസം 16ന് ആരംഭിക്കാൻ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി തീരുമാനിച്ചു.
മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളുമുൾപ്പെടെ 84 സാക്ഷികളെയാണ് കേസിൽ വിസ്‌തരിക്കാനുള്ളത്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും ഒന്നാം സാക്ഷിയുടെയും വിസ്‌താരത്തിന് ശേഷമാകും മറ്റ് സാക്ഷികളെ വിളിക്കുക. അതേസമയം ദൈവത്തിന്‍റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെയെന്ന് കോടതി നടപടിക്ക് ശേഷം പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു.
കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ സമർപ്പിച്ച ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്ന് ഏഴാം തിയ്യതി കോടതിയിൽ ഹാജരായ ഫ്രാങ്കോ മുളയ്ക്കലിന് പുതിയ ജാമ്യവ്യവസ്ഥയിൽ ജാമ്യം അനുവദിച്ചെങ്കിലും കേസ് പരിഗണിക്കുന്ന ദിവസങ്ങളിൽ കോടതിയിൽ ഹാജരാകണമെന്ന കർശന നിർദേശമാണ് ലഭിച്ചത്.