കോട്ടയം: എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.സാബുതോമസും സിന്‍ഡിക്കേറ്റംഗം ഡോ.പി പ്രകാശും ഗുരുതരമായ കൃത്യവിലോപം നടത്തിയതിന്‍റെ തെളിവുകള്‍ പുറത്ത്. പുനര്‍മൂല്യനിര്‍ണയം നടക്കാനിരിക്കുന്ന എം.കോം പരീക്ഷയുടെ ഉത്തരക്കടലാസിലെ രഹസ്യ നമ്പരുകള്‍ ചട്ടം മറികടന്ന് ഡോ. സാബുതോമസ് ഡോ.പി പ്രകാശിന് നല്‍കി. വളരെ രഹസ്യമായി നടക്കേണ്ട മൂല്യനിര്‍ണയത്തില്‍ സിന്‍ഡിക്കേറ്റംഗം ഇടപെടാന്‍ ശ്രമിച്ചതിന്‍റെയും അതിന് വി.സി കൂട്ടു നിന്നതിന്‍റെയും തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഡോ. പ്രകാശിന്‍റെ കത്തിന്‍റെയടിസ്ഥാനത്തിലാണ് ഉത്തരക്കടലാസുകളുടെ രഹസ്യവിവരം കൈമാറാന്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് ഉത്തരവ് നല്‍കിയതെന്നാണ് ഡോ. സാബുതോമസ് പറയുന്നത്. എന്നാല്‍ സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്ന രഹസ്യനമ്പരുകള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ എന്തിന് നിര്‍ദേശം നല്‍കിയെന്ന ചോദ്യമാണ് ഉയരുന്നത്. സാധാരണ രീതിയില്‍ വൈസ് ചാന്‍സിലര്‍ പോലും രഹസ്യനമ്പരുകള്‍ അറിയാറില്ല. ഈ സാഹചര്യത്തിലാണ് ചട്ടം മറികടന്ന് ഡോ. സാബുതോമസിന്‍റെ ഇടപെടല്‍. പേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്നയാള്‍ക്ക് പരീക്ഷാര്‍ഥികളെ തിരിച്ചറിയാതിരിക്കാനാണ് രജിസ്ട്രര്‍ നമ്പര്‍ രേഖപ്പെടുത്തിയ ഉത്തരക്കടലാസിന്‍റെ ഭാഗം കീറിയെടുത്തതിന് ശേഷം രഹസ്യനമ്പരുകള്‍ ഇടുന്നത്. ഈ രഹസ്യ നമ്പരുകള്‍ കിട്ടുന്നതോടെ പേപ്പര്‍ തിരിച്ചറിഞ്ഞ് മാര്‍ക്ക് തട്ടിപ്പ് നടത്താം. സർവകലാശാലയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണിത്.
മാർക്ക് ദാനത്തെക്കാൾ ഗുരുതര ക്രമക്കേടുകൾ എം.ജി സർവകലാശാലയിൽ നടക്കുന്നതിൻ്റെ തെളിവുകളാണ് പുറത്തുവരുന്നത്. എംകോം നാലാം സെമസ്റ്റർ അഡ്വാൻസ്ഡ് കോസ്റ്റ്, അക്കൗണ്ടിങ് കോസ്റ്റ് പരീക്ഷയുടെ 30 ഉത്തരക്കടലാസുകൾ രജിസ്റ്റർ നമ്പറും രഹസ്യ നമ്പറും ഉൾപ്പെടെ പരീക്ഷ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗത്തിന് നൽകാനാണ് വിസി രേഖാമൂലം നിർദേശിച്ചത്.