ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞം ഏപ്രിൽ 16 - മുതൽ മുതൽ 26 - വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഏറ്റുമാനൂർ ക്ഷേത്രത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് 11 ദിവസം നീണ്ടുനിൽക്കുന്ന ഇത്തരമൊരു യജ്ഞം നടക്കുന്നത്. ക്ഷേത്രം തന്ത്രി കണ്‌ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ഗുരുവായൂർ കിഴക്കേടം രാമൻ നമ്പൂതിരി യജ്ഞത്തിന് നേതൃത്വം വഹിക്കും.
11 വെള്ളി കുടങ്ങളിൽ 11 വിശേഷ ദ്രവ്യങ്ങൾ നിറച്ച് 11 ദേവജ്ഞർ 11 ഉരു വീതംശ്രീ രുദ്ര മന്ത്രം ജപിച്ചു ചൈതന്യവത്തായ ദ്രവ്യങ്ങൾ മഹാദേവന് ഉച്ചപൂജയ്ക്ക് അഭിഷേകം ചെയ്യുന്നു. ഇങ്ങനെ 11 ദിവസം തുടർച്ചയായി ചെയ്യുന്ന ചടങ്ങാണ് മഹാരുദ്രയജ്ഞം. അവസാന ദിവസമായ 26 -ന്വാസോർധാരയോടു കൂടി യജ്ഞം അവസാനിക്കും.
ഒരു ഭക്തൻ വഴിപാടായാണ് ചടങ്ങ് നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും, ക്ഷേത്ര ഉപദേശക സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. യജ്ഞശാലയിൽ എല്ലാ ദിവസവും കലശപൂജ, ശ്രീരുദ്ര ജപം, ശ്രീരുദ്ര ഹോമം എന്നിവയുണ്ട്. 16 - ന് തന്ത്രി കണ്‌ഠര് രാജീവര് യജ്ഞത്തിന് ആരംഭം കുറിച്ച് ഭദ്രദീപം തെളിയിക്കും.
ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.ആർ. അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. മെമ്പർ അഡ്വ.മനോജ് ചരളേൽ അധ്യക്ഷത വഹിക്കും.