കോട്ടയം: ഈരാറ്റുപേട്ട തെക്കേകര ജവാന്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപെട്ട് ഒറ്റയാള്‍ സമരം. ഈരാറ്റുപേട്ട സ്വദേശി സൈനുല്ലയാണ് തെക്കേക്കരയില്‍ സത്യാഗ്രഹം നടത്തിയത്.
നഗരസഭയിലെ തന്നെ ഏറ്റവും പഴക്കമുള്ള റോഡുകളില്‍ ഒന്നാണ് തെക്കേക്കര മന്തക്കുന്ന് ജവാന്‍ റോഡ്. നഗരസഭാ ചെയ്യര്‍മാന്‍റേതടക്കം അഞ്ച് വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന റോഡാണിത്. നഗരസഭയില്‍ ഏറ്റവും അധികം ജനസാന്ദ്രതയുള്ളതും ഈ മേഖലയിലാണ്. 100 കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികള്‍ നഗരസഭക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
റോഡിന്‍റെ ശോചനീയാവസ്ഥക്കെതിരെ ഒറ്റയാള്‍ സമരം പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് സൈനുല്ല സത്യാഗ്രഹം നടത്തിയത്. കൗണ്‍സിലര്‍മാരുടെ നിസംഗതയാണ് അറ്റകുറ്റപ്പണികള്‍ നടത്താത്തതിന് പിന്നിലെന്നാണ് ആക്ഷേപം. റോഡ് തകര്‍ന്നതോടെ കാല്‍നടയാത്ര പോലും ദുരിതപൂര്‍ണമായിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ ചെളിവെള്ളം കെട്ടി നില്‍ക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ഇത് വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ പെടുന്നതും പതിവാണ്.റോഡ് റീ ടാറിംഗ് നടത്തിയില്ലെങ്കില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ നഗരസഭാ ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപടികള്‍ സംഘടിപ്പിക്കാനാണ് സൈനുല്ലയുടെ തീരുമാനം.