കോട്ടയം : അതിജീവനത്തിന്‍റെ കഥ പറയുകയാണ് തിടനാട് ടൗണിലെ കൂറ്റന്‍ തണല്‍മരം. റോഡ് വികസനത്തിന്‍റെ പേരില്‍ ശിഖരങ്ങള്‍ വെട്ടിമാറ്റപ്പെട്ട് തായ്ത്തടി മാത്രം അവശേഷിച്ച മരം ചികിത്സയിലൂടെ തളിരിട്ടതിന്‍റെ ആഹ്‌ളാദത്തിലാണ് പ്രകൃതിസ്‌നേഹികള്‍. തിടനാട് ടൗണിന്‍റെ തിലകക്കുറിയായ കൂറ്റന്‍ വാകമരത്തിന് 60 ആണ്ടിന്‍റെ പഴക്കമുണ്ട്.
ജംഗ്ഷനിലാകെ തണല്‍ വിരിച്ചിരുന്ന മരം ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡ് വികസനത്തിന്‍റെ പേരില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മുറിച്ചുമാറ്റുകയായിരുന്നു. ശിഖരങ്ങള്‍ വെട്ടിമാറ്റിയപ്പോൾ നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്.
തുടർന്ന് മരത്തെ തിരികെ പിടിക്കാന്‍ വൃക്ഷവൈദ്യന്‍ ബിനുവിന്‍റെ നേതൃത്വത്തില്‍ ചികിത്സ നടത്തി. 14 ഇനം ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്ത് നടത്തിയ ചികിത്സയ്‌ക്കൊടുവിലാണ് മരം തളിര്‍ത്ത് തുടങ്ങിയത്.
മരത്തെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ചികിത്സയ്ക്ക് ആവശ്യമായ തുക സമാഹരിച്ചത് സോഷ്യല്‍മീഡിയ വഴിയായിരുന്നു. തിടനാടിന്‍റെ ചൂണ്ടുപലകയായിരുന്ന ഈ മരം പഴയ തലയെടുപ്പിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ഓരോ പരിസ്ഥിതി ദിനത്തിലും നാടെങ്ങും വൃക്ഷത്തൈകള്‍ നടാറുണ്ടെങ്കിലും അതിന്‍റെ പരിപാലനവും സംരക്ഷണവും ഉറപ്പുവരുത്തുന്നതില്‍ വ്യക്തികളും സംവിധാനങ്ങളും പരാജയമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.