2008 ലെ മണ്ഡല പുനക്രമീകരണത്തിനു ശേഷം നടന്ന 2 തെരഞ്ഞെടുപ്പുകളിൽ കോട്ടയത്തു വിജയം രുചിച്ചത് കേരളകോൺഗ്രസ് എമ്മിലെ ജോസ് കെ മണിയാണ്. 2009 ൽ 71570 ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ്, 2014 ൽ 120599 വോട്ടുളുടെ ഭൂരിപക്ഷം നേടി കൂടുതൽ കരുത്ത് കാട്ടി. 424194 വോട്ടുകളാണ് ആകെ മണ്ഡലത്തിൽ യു.ഡി.എഫ് നേടിയത്. രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എൽ.ഡി.എഫിന് 303595 വോട്ടുകളാണ് ആകെ ലഭിച്ചത്. 44357 വോട്ടുകള്‍ നേടിയ എൻഡിഎ ആയിരുന്നു മൂന്നാം സ്ഥാനത്ത്.
ഹാട്രിക്ക് വിജയം ലക്ഷ്യമിട്ടാണ് യുഡിഎഫ് ഇത്തവണ മണ്ഡലത്തിൽ പോരിനിറങ്ങുന്നത്. നാലു വട്ടം ഏറ്റുമാനൂർ എംഎൽഎ ആയിരുന്ന തോമസ് ചാഴികാടനാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തിലെ വ്യക്തി ബന്ധങ്ങളും ക്രൈസ്തവ സഭകളുടെ സ്വീകാര്യതയും തോമസ് ചാഴികാടന്റെ അനുകൂല ഘടകങ്ങളാണ്. 2009ലെ അഞ്ചക്ക ഭൂരിപക്ഷം 2014 ൽ ആറക്കമായി മാറിയതും, യുഡിഎഫ് ക്യാമ്പുകളിൽ ആത്മ വിശ്വാസം വർധിപ്പിക്കുന്നു. എന്നാൽ സീറ്റ് സംബന്ധിച്ച് പാളയത്തിൽ ഉണ്ടായ പടല പിണക്കങ്ങൾ ആണ് യുഡിഎഫിലെ പ്രധാന ആശങ്ക. സീറ്റിനായി ഇടഞ്ഞു നിന്ന പിജെ ജോസഫ് അവസാന നിമിഷമാണ്, സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനങ്ങൾ അംഗീകരിക്കാൻ തയ്യാറായത്.
മുൻ കോട്ടയം എംഎൽഎ വിഎൻ വാസവനാണ് ഇത്തവണ കോട്ടയത്തെ ഇടത് സ്ഥാനാർഥി. ജനതാദളിൽ നിന്നു തിരിച്ചു വാങ്ങിയ സീറ്റിൽ ഇത്തവണ സിപിഎം ലക്ഷ്യമിടുന്നത് വിജയം തന്നെയാണ്. സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിൽ മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങൾ വാസവന് ഗുണകരമായ ഘടകമാണ്. യുഡിഎഫിലെ പടല പിണക്കങ്ങൾ ഇത്തവണ ഗുണകരമാകുമെന്ന് എൽഡിഎഫ് കണക്കു കൂട്ടുന്നു.
മുൻ എംപി പി സി തോമസാണ് ഇത്തവണ എൻഡിഎയ്ക്ക് വേണ്ടി കോട്ടയത്തു പോരിനിറങ്ങുന്നത്. 2004ൽ ഇരു മുന്നണികളെയും ഞെട്ടിച്ച് അന്നത്തെ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു കയറിയ ചരിത്രം പിസി തോമസിനൊപ്പമുണ്ട്. ബിജെപിയുടെ ശക്തമായ പിന്തുണയോടൊപ്പം ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലെ സ്വാധീനം വോട്ടായി മാറിയാൽ ഇത്തവണ കോട്ടയം പിടിക്കാമെന്ന് എൻഡിഎ കണക്കുകൂട്ടുന്നു. കൂടാതെ കേന്ദ്രമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം ജില്ലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളും വോട്ടാക്കി മാറ്റമെന്ന പ്രതീക്ഷ എൻഡിഎ നേതാക്കൾ പങ്കുവെയ്ക്കുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് കോട്ടയം. റബർ കർഷകരുടെ പ്രശ്നങ്ങളും പ്രാദേശിക വികസന പ്രശ്നങ്ങളും കോട്ടയത്ത് ചർച്ചയാകുമ്പോൾ ശബരിമല വിഷയവും പള്ളി തർക്കങ്ങളിൽ മുന്നണികളുടെ നിലപാടുകളും ചർച്ചയാകും.
ശബരിമല യുവതി പ്രവേശനത്തിനെതിരായി നടന്ന സമരത്തിൽ ഏറ്റവും അധികം കേസുകള്‍ രജിസ്റ്റർ ചെയ്തതും കോട്ടയം ജില്ലയിൽ തന്നെയാണ്. ജനുവരി 30 വരെയുള്ള ഇലക്ഷൻ കമീഷന്റെ കണക്കുകൾ പ്രകാരം 1334665 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 643939 പുരുഷ വോട്ടർമാരും, 690695 സ്ത്രീ വോട്ടർമാരും , 31 ട്രാൻസ്‌ജൻഡേഴ്സും ഉൾപ്പെടുന്നു.