കോട്ടയം: കോട്ടയത്ത് നടന്ന എൻസിപി നേതൃയോഗത്തിൽ കയ്യാങ്കളി. ടിവി ബേബിയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ ഒരു വിഭാഗം പ്രമേയം അവതരിപ്പിച്ചതോടെ ആരംഭിച്ച തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. തോമസ് ചാണ്ടി, എകെ ശശീന്ദ്രൻ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതയുടെ തുടർച്ചയാണ് ഇന്നത്തെ നേതൃയോഗത്തിലും പ്രതിഫലിച്ചത്. ജില്ലാ നേതൃയോഗം നടക്കുന്നുണ്ടെന്നറിഞ്ഞെത്തിയ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളെ യോഗത്തിൽ പങ്കെടുപ്പിച്ചില്ല. തോമസ് ചാണ്ടി വിഭാഗം പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമാണിതെന്ന് എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ ആരോപിച്ചു. തുടർന്ന് നടന്ന യോഗത്തിലാണ് ടിവി ബേബിയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൈയ്യാങ്കളിയിലെത്തിയത്. ജില്ലാ പ്രസിഡന്റിന്റെ ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട യോഗമാണ് നടന്നതെന്നും ജനാധിപത്യ പാർട്ടിയിലുണ്ടാകുന്ന ഭിന്നതകൾ മാത്രമാണ് ഉള്ളത്. ഇവയെല്ലാം ഉടൻ പരിഹരിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത ദേശീയ വർക്കിങ് കമ്മറ്റിയംഗം മാണി സി കാപ്പൻ വ്യക്തമാക്കി. ടിവി ബേബിയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയതിൽ ജില്ലയിലെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടെന്നും അക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ പറഞ്ഞു.
എറണാകുളത്ത് നിന്നുള്ള സംസ്ഥാന സെക്രട്ടറി വി ജി രവീന്ദ്രനാണ് ജില്ലാ പ്രസിഡന്റിന്റെ ചുമതല നൽകിയിരിക്കുന്നത്. അതേസമയം പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിന്റെ തെളിവാണ് കോട്ടയത്തെ യോഗത്തിനിടെയുണ്ടായ സംഭവ വികാസങ്ങൾ.