കോട്ടയം: തെക്കുംതല കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ശനിയാഴ്‌ച (ഡിസംബർ 24) മുതൽ ജനുവരി എട്ടുവരെ അടച്ചിടാൻ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ ജില്ല കലക്‌ടർ ഡോ. പി കെ ജയശ്രീ ഉത്തരവിട്ടു. ഹോസ്റ്റലുകൾ ഒഴിയണമെന്നും ഉത്തരവിൽ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഉത്തരവിന്മേൽ നടപടി സ്വീകരിക്കണം.
2011ലെ കേരള പൊലീസ് ആക്‌ടിലെ വകുപ്പ് 81 പ്രകാരമാണ് നടപടി. ഡിസംബർ 5 മുതൽ വിദ്യാർഥികളുടെ സമരം നടന്നുവരികയാണ്. ഡിസംബർ 25 മുതൽ വിദ്യാർഥികൾ നിരാഹാരസമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും ക്രമസമാധാനപാലനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും കാട്ടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കൂടിയായ സബ് കലക്‌ടർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.