കോട്ടയം : ഡിസംബറിലെ മരം കോച്ചുന്ന തണുപ്പില്‍ വിരുന്നെത്തുന്ന ക്രിസ്‌മസ് നാളുകള്‍ ലോകമെമ്പാടുമുള്ള ക്രിസ്‌തീയ സമൂഹത്തിന് ആഘോഷ നാളുകളാണ്. ക്രിസ്‌മസ് എന്ന് കേട്ടാല്‍ മനസിലേക്ക് ഓടിയെത്തുക പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിനെയാണ്. മാതാവും ജോസഫും ആട്ടിടയൻമാരും കന്നുകാലികളും ആടുകളും ജ്ഞാനികളും സമ്മാനങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കുന്ന പുല്‍ക്കൂട്.
ഒത്തനടുക്കായി, പിറന്നുവീണ ഉണ്ണിയേശു. അതാണ് പുല്‍ക്കൂടുകളില്‍ നിന്നുള്ള മനോഹരമായ കാഴ്‌ച. എന്നാല്‍ ഇത്തവണ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി വീട്ടുമുറ്റത്ത് പുല്‍ക്കൂട് നിര്‍മിച്ചിരിക്കുകയാണ് കിഴുകുന്ന് സ്വദേശിയായ ലൂക്കാസ് ആന്‍റണി.
പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫുട്‌ബോള്‍ ഇതിഹാസം മെസി, മദര്‍ തെരേസ, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍, തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, പ്രശസ്‌ത മലയാളി സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര, വിവിധ സഭകളുടെ മത മേലധ്യക്ഷന്മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ രൂപങ്ങള്‍ തിരുപ്പിറവി കാണുന്നതായാണ് ലൂക്കാസിന്‍റെ പുല്‍ക്കൂട്ടിലുള്ളത്.
ഇത്തവണത്തെ ക്രിസ്‌മസിന് പുല്‍ക്കൂട് നിര്‍മിക്കുമ്പോള്‍ കാഴ്‌ചക്കാര്‍ക്ക് വ്യത്യസ്‌തവും കൗതുകകരവുമായ അനുഭവം സമ്മാനിക്കണമെന്ന ചിന്തയാണ് ഇത്തരത്തിലൊരു പുല്‍ക്കൂട് നിര്‍മിക്കാനുള്ള ലൂക്കാസ് ആന്‍റണിയുടെ തീരുമാനത്തിന് പിന്നില്‍. ഒന്നര വര്‍ഷം കൊണ്ടാണ് പുല്‍ക്കൂട്ടില്‍ നിരന്ന് നില്‍ക്കുന്ന ഓരോരുത്തരുടെയും രൂപം ലൂക്കാസ് നിര്‍മിച്ചെടുത്തത്. പ്രതിമകളുടെ മുഖം പ്ലാസ്റ്റര്‍ ഓഫ് പാരീസിലും ശരീര ഘടന ഫോറക്‌സ് ഷീറ്റിലുമാണ് നിര്‍മിച്ചിട്ടുള്ളത്. സിനിമയില്‍ ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്ന ലൂക്കാസ് ചിത്ര രചനയിലും തത്‌പരനാണ്.