കോട്ടയം: ദേശീയ പതാക വിൽപനയ്‌ക്കായി തപാൽവകുപ്പ് തയാറെടുക്കുന്നു. ഇതിനോടകം സംസ്ഥാനത്തെ എല്ലാ പോസ്റ്റ് ഓഫിസുകളിലുമായി രണ്ട് ലക്ഷം പതാകകൾ എത്തി. ആകെ എട്ട് ലക്ഷം പതാക വിൽപനയാണ് തപാൽ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് അധികൃതർ പറയുന്നു.
ഗംഗാജലവും സ്റ്റാമ്പുകളും വിൽപനയ്‌ക്ക് എത്തിച്ച് വിജയിച്ച അതേ വഴി സ്വീകരിച്ചാണ് പോസ്റ്റ് ഓഫിസ് വഴി ദേശീയ പതാക നേരിട്ടും ഓൺലൈനായും വിൽക്കുന്നത്. 20x30 ഇഞ്ച് ദേശീയ പതാകയാണ് വിൽപനയ്‌ക്ക് എത്തുന്നത്. 25 രൂപയാണ് വില. ജി.എസ്.ടി. ഒഴിവാക്കിയിട്ടുണ്ട്.
ഇ-പോസ്റ്റ് ഓഫിസിലെ നാഷണൽ ഫ്ലാഗ് എന്ന വിൻഡോ വഴിയാണ് ഓൺലൈൻ ബുക്കിങ്. ഒരാൾക്ക് അഞ്ച് പതാക വരെ ഒരു തവണ വാങ്ങാം. സ്വന്തം മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടുത്തി വേണം ബുക്ക് ചെയ്യാൻ. ശേഷം ഏറ്റവും അടുത്ത പോസ്റ്റ് ഓഫിസ് വഴി പതാക വീട്ടിലെത്തും.
വനിത സ്വയംസഹായ സംഘങ്ങൾ, ഖാദി ഉത്‌പന്നങ്ങൾ വിൽക്കുന്ന കമ്പനി, കേന്ദ്ര സർക്കാർ അംഗീകൃത ചെറുകിട സംരംഭങ്ങൾ എന്നിവ നിർമിക്കുന്ന പതാകയാണ് പോസ്റ്റ് ഓഫിസ് വഴി വിൽക്കുന്നത്. ഓഗസ്റ്റ് 15-നകം സംസ്ഥാനത്തുടനീളം 50 ലക്ഷം പതാക നിർമിച്ച് വിതരണം ചെയ്യാനാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിനോടകം 20 ലക്ഷം പതാകയ്‌ക്കുള്ള ഓർഡറുകള്‍ ലഭിച്ചു കഴിഞ്ഞു.
നാഷണൽ ഫ്ലാഗ് കോഡ് പ്രകാരം 3:2 എന്ന നിയമാനുസൃത അളവിലാണ് പതാക തയാറാക്കുന്നത്. ഏഴ് വ്യത്യസ്‌ത അളവുകളിലാണ് നിർമിക്കുന്നത്. 20 മുതൽ 120 രൂപ വരെയാണ് വില. ഓഗസ്റ്റ് പന്ത്രണ്ടിനകം എല്ലാ സ്‌കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും എത്തിക്കാനാണ് ശ്രമം.
ഓഗസ്റ്റ് 13, 14, 15 തിയതികളിൽ സ്വന്തം വീടുകളിൽ ദേശീയ പതാക ഉയർത്തി രാഷ്‌ട്രത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് തപാൽ വകുപ്പ് പതാക വിൽപനയ്‌ക്ക് എത്തിക്കുന്നത്. പരമാവധി സ്ഥലങ്ങളിൽ ദേശീയപതാക ഉയർത്താനാണ് സർക്കാർ നിർദേശം.
ഓരോ വ്യക്തിക്കും സ്വന്തം വീട്ടിലോ പുറത്തോ (വീടിന് മുന്നിലോ ടെറസിലോ) പതാക ഉയർത്താം. ഓഗസ്റ്റ് 13-ന് പതാക ഉയർത്തി 15 വരെ നിലനിർത്താം. രാത്രിയും പകലും ദേശീയ പതാക ഉയർത്താൻ അനുവാദമുണ്ട്.
Also Read ദേശീയ പതാക എങ്ങനെ മടക്കണം; ശരിയായ രീതി വിവരിച്ച് കേന്ദ്ര സര്‍ക്കാര്‍