കോട്ടയം: ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലായിൽ ബൈക്ക് മോഷണം നടത്തിയ പ്രതി പിടിയിൽ. മോഷണം നടത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. പാലാ വെള്ളാപ്പാട് ചെമ്പകത്തിൽ ബിൽഡിങ്ങിന്റെ പാർക്കിങ് ഏരിയയിൽ നിന്നും വിസ്മയ ബിൽഡേഴ്സ് ജീവനക്കാരൻ വള്ളിച്ചിറ താമരക്കുളം സ്വദേശി രഞ്ജിത്തിന്റെ ബൈക്കാണ് മോഷണം പോയത്.
മോഷ്ടാവിനെ പാലാ എസ്.എച്ച്.ഒ ടോംസൺ ൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. വെള്ളിയേപ്പള്ളി പുതുശ്ശേരി ദിലീപ് (37) ആണ് ഇന്നലെ ഉച്ചയോടെ സെന്റ് തോമസ് പ്രസ്സിനു സമീപമുള്ള ചെമ്പകത്തിൽ ബിൽഡിങ്ങിന്റെ പാർക്കിങ്ങ് ഏരിയയിൽ നിന്നും ബൈക്ക് മോഷ്ടിച്ചത്. വൈകുന്നേരത്തോടെ ഉടമ വാഹനം മോഷണം പോയതറിഞ്ഞ് പാലാ പൊലീസ് സ്റ്റേഷനിലെത്തി കേസ്സ് രജിസ്റ്റർ ചെയ്തു. ഇതിൻ്റെ ഭാഗമായി പോലീസ് ശക്തമായ വാഹന പരിശോധന നടത്തി വരവെ വൈകുന്നേരത്തോടെ ടൗൺ ബിവറേജ് പരിസരത്ത് വച്ച് മോഷണ വാഹനവുമായി ദിലീപ് പിടിയിലാകുകയായിരുന്നു.