കോട്ടയം: സമയം ഉച്ചയോടടുക്കുമ്പോൾ പി.പി.ഇ കിറ്റുകൾ ധരിച്ച് കോട്ടയം നഗരത്തിലെ നാഗമ്പടം ബസ് സ്റ്റാൻഡിലും, നെഹ്റു സ്‌റ്റേഡിയത്തിലും ഭക്ഷണ പൊതിയുമായി എത്തുന്ന ഒരു കുടുംബമുണ്ട്. ഇവരെ കാത്ത് ആരോരുമില്ലാത്ത ഒരു കൂട്ടം ജീവനുകളും. പാക്കിൽ സ്വദേശിയായ ഡേവിസും കുടുംബവും ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ തുടങ്ങിയതാണ് നഗരത്തിലെ ഭക്ഷണ വിതരണം. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കുമാണ് ഭക്ഷണം നൽകിയിരുന്നെങ്കിൽ, ഇടക്കെപ്പഴോ തെരുവിനെ വീടാക്കിയ തെരുവിന്‍റെ മക്കൾ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് ഭക്ഷണ പൊതികൾ അവർക്ക് നൽകി തുടങ്ങി. സുമനസുകളുടെ സഹായത്തോടെയാണ് ഭക്ഷണ വിതരണം. പാക്കിലെ വാടക വീട്ടിൽ ഡേവിസിനൊപ്പം ഭാര്യ മിനിയും മക്കളായ ആശിഷും എസ്‌തറും ചേർന്നാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഉച്ചക്കും രാത്രിയിലുമായി 300ൽ അധികം പേരുടെ വിശപ്പടുന്നുണ്ട് ഈ കുടുംബം. ഞായറാഴ്ച്ചകളിൽ 250 ൽ അധികം പേർക്ക് ഉച്ചഭക്ഷണം മാത്രമായും എത്തിച്ചു നൽകുന്നു. നഗരത്തിലെ ഓട്ടോ തൊഴിലാളികളടക്കമുള്ളവർക്കും ഡേവിസിന്‍റെ കരുതലുണ്ട്. ലോക്ക് ഡൗണിൽ ആരംഭിച്ച സന്നദ്ധ പ്രവർത്തനം 150 ദിവസം പിന്നിടുമ്പോൾ ഇനിയങ്ങോട്ട് കൂടുതൽ കാര്യക്ഷമമായി തന്നെ ഭക്ഷണ വിതരണവുമായി മുമ്പോട്ടു പോകാനാണ് ഡേവിസിന്‍റെ തീരുമാനം.