കോട്ടയം: കുമരകത്ത് കാറ്റിലും മഴയിലും വൻ നാശനഷ്‌ടം. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നതിനൊപ്പം കാര്‍ഷിക മേഖലയിലും വ്യാപക നാശനഷ്‌ടമുണ്ടായി. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്. കഴിഞ്ഞ ദിവസമാണ് കുമരകം മേഖലയില്‍ മഴക്കൊപ്പം ശക്തമായ കാറ്റ് വീശിയടിച്ചത്. കവണാറ്റിന്‍കര, വിരിപ്പുകാല, ചീപ്പുങ്കല്‍ മേഖലയിലാണ് വ്യാപക നാശനഷ്‌ടമുണ്ടായത്.
കുമരകം ചേര്‍ത്തല റോഡരികിലെ തണല്‍ മരങ്ങൾ കടപുഴകി വീണതിനെ തുടര്‍ന്ന് റൂട്ടില്‍ ഏറെ നേരം ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. വാഹനങ്ങള്‍ക്ക് മുകളിലും മരങ്ങള്‍ വീണു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡില്‍ വീണ മരങ്ങള്‍ നീക്കം ചെയ്‌തത്. നാശനഷ്‌ടങ്ങള്‍ കണക്കാക്കാൻ പഞ്ചായത്ത്, റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീടുകള്‍ പൂര്‍ണമായും തകര്‍ന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.