കോട്ടയം: ചിങ്ങവനത്ത് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഓട്ടോ ഡ്രൈവറായ മധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളാണ് പിടിയിലായത്. മലകുന്നം ചെങ്ങാട്ടുപറമ്പിൽ അജിത് ജോബി (21), ചങ്ങനാശ്ശേരി പുഴവാത്ത്‌പാരയിൽ വിഷ്‌ണു (26) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇന്നലെ(20.08.2022) വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവം. മധ്യവയസ്‌കൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ പ്രതികൾ നിയമവിരുദ്ധമായി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ഇവര്‍ ഓട്ടോ ഡ്രൈവറെ കുത്തി. ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
പ്രതികളില്‍ ഒരാൾ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ചിങ്ങവനം എസ്.എച്ച്.ഒ ജിജു ടി ആർ, എസ്.ഐമാരായ അനീഷ് കുമാർ എം, റെജിമോൻ ടി ഡി, സി.പി.ഒമാരായ സുനിൽകുമാർ, സലമോൻ, മണികണ്‌ഠൻ, സതീഷ് എസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.