കോട്ടയം: കോട്ടയം: 'കൊച്ചേ' എന്ന വിളി കേട്ടാൽ മതി, എവിടെയാണെങ്കിലും പറന്നെത്തും ഈ കൊച്ചു കാക്ക. മാഞ്ഞൂർ ചാമക്കാലയിൽ താമസിക്കുന്ന നീണ്ടൂർ സ്വദേശി പി.സി തോമസും മക്കളായ അനിറ്റോയും ആൽഫിയും വിളിച്ചാൽ ഓടിയെത്തുന്ന കാക്ക നാട്ടുകാർക്കും കൗതുക കാഴ്‌ചയാണ്.
നാല് മാസങ്ങൾക്ക് മുമ്പാണ് ആൽഫിക്ക് വീട്ടുപരിസരത്തെ ഉണങ്ങി വീണ തെങ്ങിൻ തടികൾക്കിടയിൽ നിന്നും പറക്കമുറ്റാത്ത ഈ കാക്ക കുഞ്ഞിനെ കിട്ടിയത്. കോട്ടയം മെഡിക്കൽ കോളജിലെ ലാബ് ടെക്‌നിഷ്യനായ ആൽഫിയുടെ കരുണയിൽ വഴിയിൽ അവസാനിക്കുമായിരുന്ന ഒരു കുഞ്ഞു കാക്കയുടെ ജീവൻ തിരികെ കിട്ടി. പിന്നെ വീട്ടുപരിസരത്ത് വൃക്ഷങ്ങളിൽ തന്നെ ചെലവഴിക്കാൻ തുടങ്ങി.
ആൽഫിയുടെ അച്ഛൻ തോമസുമായാണ് കൊച്ചു കാക്ക ഏറെ ചങ്ങാത്തം കൂടുന്നത്. വീട്ടുകാർക്കൊപ്പം ചങ്ങാത്തം കൂടുന്നതുപോലെ തന്നെ വീട്ടിലെ വളർത്തുമൃഗങ്ങളുമായും കാക്ക വലിയ ഇണക്കത്തിലാണ്. മറ്റു കാക്കകൾ കൊച്ചു കാക്കയുടെ അടുത്തേക്കെത്തിയാൽ ഉടൻ പറന്ന് വീടിനുള്ളിലേക്ക് കയറും.
തണ്ണീർമത്തനാണ് ഇവന് കൂടുതൽ ഇഷ്‌ടം. ഭക്ഷണവും ജലവും ഒരുമിച്ച് ലഭിക്കുമെന്നതാണ് കൊച്ചുവിനെ തണ്ണീർമത്തൻ പ്രിയനാക്കിയത്. രാത്രി 10 മണി ആയാൽ കൃത്യതയോടെ വീടിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൂട്ടിൽ ആരും പറയാതെ തന്നെ കയറും, പിന്നെ ഉറക്കം.
അതിരാവിലെ ഉണരുന്ന കാക്ക വീട്ടുപരിസരത്തെ കൊച്ചു മരങ്ങളിലാണ് പിന്നെ സമയം ചെലവഴിക്കുക. ഇപ്പോൾ തോമസിന്‍റെ വീട്ടിലെ ഒരംഗമാണ് ഈ കൊച്ചു കാക്ക.