കോട്ടയം : പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് സിപിഎം പ്രതിനിധിയെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ തർക്കമില്ലെന്ന്, പാര്‍ട്ടി കോട്ടയം ജില്ല സെക്രട്ടറി എവി റസൽ. ഈ വരുന്ന 18ാം തിയതി വിഷയത്തില്‍ തീരുമാനമുണ്ടാവും. എൽഡിഎഫ് ധാരണ പ്രകാരം കേരള കോൺഗ്രസ് എം പ്രതിനിധി സ്ഥാനം രാജിവച്ച ഒഴിവിൽ, അടുത്ത ഒരു വർഷത്തേക്ക് സിപിഎമ്മിനാണ് നഗരസഭ ചെയർമാൻ പദവിയെന്നും അദ്ദേഹം പറഞ്ഞു.
പാലാ ഉൾപ്പടെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് എൽഡിഎഫ് മുൻ ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞ പദവികളില്‍ പുതിയ പ്രതിനിധികളെ നിശ്ചയിക്കാനുണ്ട്. ഇതുസംബന്ധിച്ച് ഒരിടത്തും തർക്കങ്ങൾ ഇല്ലെന്നും ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാവുമെന്നും ജില്ല സെക്രട്ടറി അറിയിച്ചു. 19ാം തിയതി രാവിലെ 10.30 വരെയാണ് നാമനിർദേശ പത്രിക നൽകാനുള്ള സമയ പരിധി.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിപിഎം പ്രതിനിധിയായ ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കാനാകില്ലെന്ന് കേരള കോണ്‍ഗ്രസ് നിലപാടെടുത്തിരുന്നു. ബിനു ഒഴികെയുള്ള ആരെയും അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാട്. എന്നാല്‍, അദ്ദേഹത്തിന്‍റെ നിലപാടില്‍ സിപിഎമ്മിന് അതൃപ്‌തിയുണ്ട്. ബിനു പുളിക്കക്കണ്ടം മുന്‍പ് ബിജെപിയിലായിരുന്നതും കേരള കോണ്‍ഗ്രസ് പ്രതിനിധിയെ നഗരസഭയില്‍ വച്ച് മര്‍ദിച്ചതുമെല്ലാമാണ് ഈ വിയോജിപ്പിന് കാരണം.