കോട്ടയം: ഇണ്ടൻതുരുത്തി മനയുടെ ചരിത്രം ബിജെപിയെയും സംഘ പരിവാറിനെയും അലോസരപ്പെടുത്തുന്നതാണെന്ന് സിപിഐ ജില്ല സെക്രട്ടറി വി ബി ബിനു. വൈക്കം ചെത്തുതൊഴിലാളി യൂണിയൻ ഓഫിസായി മാറിയ ഇണ്ടൻതുരുത്തി മനയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇണ്ടൻതുരുത്തി മനയിൽ കള്ളുകച്ചവടമാണ് നടക്കുന്നതെന്ന ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍റെ ആരോപണത്തിലാണ് സിപിഐ ജില്ല സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
ചരിത്രസ്‌മാരകമായി ഇണ്ടൻതുരുത്തി മനയെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എഐടിയുസിയും നിലനിർത്തിയിരിക്കുന്നത് പുതിയ തലമുറയ്ക്ക് വൈക്കം സത്യഗ്രഹ സമരം എന്താണെന്ന് ബോധ്യപ്പെടാനാണ്. ചരിത്ര വിദ്യാർഥികളടക്കം നിരവധി പേർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി മന സന്ദർശിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി സംഘപരിവാർ നേതാക്കൾ ഇണ്ടംതുരുത്തി മനയെ ആക്ഷേപിക്കുന്ന നിലയിൽ പ്രസ്‌താവന നടത്തിയത്. ചരിത്ര വസ്‌തുതകൾ എല്ലാം മറച്ചുവയ്ക്കണം എന്ന ഗൂഢ ഉദ്ദേശത്തോടെയാണ് മന സർക്കാർ ഏറ്റെടുക്കണമെന്ന് നിർദേശിച്ചത്.
കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ കെ സുരേന്ദ്രൻ ഇണ്ടംതുരുത്തി മനയിൽ കള്ളുകച്ചവടമാണ് നടക്കുന്നതെന്ന് ആരോപിച്ചത് ബ്രാഹ്മണ മേധാവിത്വം അടിച്ചേൽപ്പിക്കാനാണെന്ന് പൊതു സമൂഹം തിരിച്ചറിയണമെന്നും വി ബി ബിനു കൂട്ടിച്ചേർത്തു.