കോട്ടയം: ജില്ലയിലെ സ്വകാര്യ ആശുപത്രി കിടക്കകളില്‍ പത്ത് ശതമാനമെങ്കിലും കൊവിഡ് രോഗികള്‍ക്കു മാത്രമായി മാറ്റിവയ്ക്കണമെന്ന് ജില്ല കലക്‌ടർ എം. അഞ്ജന. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന കൊവിഡ് രോഗികള്‍ക്ക് അവിടെ തന്നെ ചികിത്സ ലഭ്യമാക്കണമെന്നും ദുരന്തനിവാരണ നിയമപ്രകാരം ഇറക്കിയ ഉത്തരവിലുടെ കലക്‌ടർ നിര്‍ദേശിച്ചു. രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവ് പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51(ബി) പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്‌ടർ അറിയിച്ചു.
നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ എന്നീ സര്‍ക്കാര്‍ സംവിധാനത്തില്‍ മാത്രമാണ് കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ചികിത്സയ്ക്ക് നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്‌തമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസർ റിപ്പോര്‍ട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.