കോട്ടയം: കോട്ടയത്ത് എന്‍.സി.പിക്ക് പിന്നാലെ നിയമസഭാ സീറ്റില്‍ അവകാശവാദവുമായി സി.പി.ഐയും രംഗത്ത്. കാലങ്ങളായി പാര്‍ട്ടി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ട് നല്‍കില്ലെന്ന് ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം മികച്ച പ്രകടനം നടത്തിയെന്ന് പൊതുവെയുള്ള വിലയിരുത്തലിൻ്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച ആശങ്ക ജില്ലയില്‍ ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.
കാഞ്ഞിരപ്പള്ളിയില്‍ സി.പി.ഐ കാലങ്ങളായി മത്സരിച്ചു വരുന്നതാണെങ്കിലും നിലവില്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ ഡോ.എന്‍ ജയരാജാണ് ഇവിടെ നിന്നുള്ള നിയസഭാംഗം. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ പശ്ചാത്തലത്തില്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് തന്നെയെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കാഞ്ഞിരപ്പള്ളി കൈവിട്ട് പോകുമെയെന്ന ആശങ്ക സി.പി.ഐക്കുമുണ്ട്. നിലവില്‍ വൈക്കവും കാഞ്ഞിരപ്പള്ളിയും മാത്രമാണ് ജില്ലയില്‍ സി.പി.ഐക്കുള്ള സീറ്റുകള്‍. ഇതില്‍ കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്താല്‍ പകരം ഏതെങ്കിലും സീറ്റ് ജില്ലയില്‍ ലഭിക്കുമോയെന്നതിന് ഉറപ്പില്ല. ലഭിച്ചാലും അത് കാഞ്ഞിരപ്പള്ളിയോളം അനുകൂലമാകണമെന്നുമില്ല.
ഇതെല്ലാം സി.പി.ഐ ജില്ലാ നേതൃത്വത്തിൻ്റെ ആശങ്ക വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ജില്ലയില്‍ ഇടതു മുന്നണിയില്‍ തങ്ങള്‍ക്കുള്ള രണ്ടാം സ്ഥാനം കൈവിട്ടുപോകുമെന്ന ആശങ്കയും ഇതോടൊപ്പം സി.പി.ഐക്കുണ്ട്. ഇതെല്ലാം മുന്‍നിര്‍ത്തി കാഞ്ഞിരപ്പള്ളി സീറ്റ് കൈമാറുന്നതിനെ മുന്‍കൂട്ടി തടയിടാനുള്ള ശ്രമമാണ് സി.പി.ഐ നടത്തുന്നത്. ജില്ലയിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഉണ്ടാകേണ്ടത് സംസ്ഥാന തലത്തിലാണെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു.
പാലാ സീറ്റിൻ്റെ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന് മാണി.സി.കാപ്പന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാലായില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും മാണി.സി.കാപ്പന്‍ ആവര്‍ത്തിച്ചതിന് തൊട്ടു പിന്നാലെയാണ് സി.പി.ഐയും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ കോട്ടയം ജില്ലയിലെ ഇടതുമുന്നണിയില്‍ പ്രതിസന്ധിയുടെ നാളുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരാന്‍ പോകുന്നത്.