കോട്ടയം: കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ പകല്‍സമയത്തും പാലാ നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ മദ്യപാനികളുടെ അഴിഞ്ഞാട്ടമെന്ന് ആരോപണം. ശനിയാഴ്ച ഉച്ചയ്ക്ക് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ തമ്മിലടിച്ച മദ്യപാനികളെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്. തമ്മിലുള്ള അസഭ്യപ്രയോഗവും ഭീഷണിയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുകയാണ്. മുന്‍പ് രാത്രികാലങ്ങളിലായിരുന്നു കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്ക് ഇത്തരക്കാരെത്തിയിരുന്നത്.
എന്നാലിപ്പോള്‍ ഒളിവിലും മറവിലും മദ്യപാനത്തിനൊപ്പം കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഇവര്‍ കയ്യടക്കുന്നതും പതിവാകുകയാണ്. ഇക്കൂട്ടര്‍ തമ്മില്‍ പലപ്പോഴും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകാറുമുണ്ട്. ഇന്നുച്ചയക്കും ഇത്തരത്തിലൊരു സംഘര്‍ഷമാണ് ഉണ്ടായത്. ബഹളം മൂത്തതോടെ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കയ്യാങ്കളിയെ തുടര്‍ന്ന് ഒരാള്‍ നിലത്തുവീഴുകയും ചെയ്തു. റോഡരികില്‍ കിടന്ന കല്ല് കയ്യിലെടുത്ത് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
പൊലീസ് വിലാസം ശേഖരിച്ചെങ്കിലും ഇത് കൃത്യമാണോ എന്നും സംശയമുണ്ട്. സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് ഇത്തരമാളുകള്‍ വലിയ ഭീഷണിയാവുകയാണ്. മുന്‍പ് തമ്മിലടിച്ച രണ്ട് പേരുടെ വീഡിയോയും വൈറലായിരുന്നു. മഴക്കാലമായതിനാല്‍ കയറിനില്‍ക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ പൊതുജനങ്ങളും ഇവരുടെ ശല്യം സഹിക്കേണ്ടിവരികയാണ്. ഡ്യൂട്ടിക്കത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും ടൗണ്‍ ബസ്റ്റാന്‍ഡിലാണ്.