കോട്ടയം : പോരാട്ടത്തിൽ ഒന്നിച്ചുനിൽക്കുക എന്ന വലിയ മാതൃകയാണ് വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ചതെന്നും തമിഴ്‌നാടും കേരളവും അതിൽ ഒരുമിച്ചുനിന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനുവേണ്ടി സംസ്‌കാരിക വകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കം ബീച്ചിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനൊപ്പം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമിച്ച് ചേരേണ്ടതായ ആ മനസ് വരും കാലത്തും ഉണ്ടാകും. അത് വലിയ സാഹോദര്യമായി ശക്തിപ്പെടും. ഇന്ത്യക്ക് തന്നെയുള്ള മാതൃകകൾ അതിൽ ഉയർത്തിക്കാട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സത്യഗ്രഹത്തിന്‍റെ സ്‌മാരകം വൈക്കത്ത് സ്ഥാപിക്കും : സാമൂഹിക പരിഷ്‌കരണ നവോത്ഥാന ധാരയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും സമന്വയിച്ചു എന്നതാണ് വൈക്കം സത്യഗ്രഹത്തെ മറ്റ് നവോത്ഥാന ധാരകളിൽ നിന്ന് വേറിട്ടുനിർത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന്‍റെ പ്രൗഢിക്ക് ഒത്ത നിലയിലുള്ള സ്‌മാരകം സംസ്ഥാന സർക്കാർ തന്നെ സ്ഥാപിക്കും.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യൻകാളിയും ഉൾപ്പടെയുള്ളവരുടെ ചൈതന്യവത്തായ സന്ദേശങ്ങളുടെ പ്രചോദനമില്ലായിരുന്നുവെങ്കിൽ വൈക്കം സത്യഗ്രഹം പോലൊരു പുരോഗമന മുന്നേറ്റമുണ്ടാകുമായിരുന്നില്ല. ചാതുർവർണ്യത്തിന്‍റെ ജീർണതയ്‌ക്കെതിരെയുള്ള യുദ്ധകാഹളമായിരുന്നു വൈക്കം സത്യഗ്രഹം. ക്ഷേത്ര പ്രവേശനം അടക്കമുള്ള നവോത്ഥാന മുന്നേറ്റങ്ങളിലേക്ക് വഴി തെളിച്ചത് വൈക്കം സത്യഗ്രഹത്തെ തുടർന്നുവന്ന സമര പരമ്പരകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാള ഭാഷയില്‍ സ്‌റ്റാലിന്‍റെ പ്രസംഗം : വൈക്കം ശതാബ്‌ദിയുടെ നൂറാം വാർഷിക ആഘോഷത്തില്‍ മലയാളത്തിൽ പ്രസംഗം തുടങ്ങി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ സദസിന്‍റെ മനം കവർന്നു എന്നതും ശ്രദ്ധേയമാണ്. പ്രൗഢോജ്വലമായ ഉദ്ഘാടനത്തിന് അദ്ദേഹത്തിന്‍റെ പ്രസംഗം മാറ്റ് കൂട്ടി. വൈക്കം സത്യഗ്രഹം തമിഴ്‌നാടിന് മാത്രമല്ല ലോകത്തിന് ആകമാനം ഉണർവ് നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വഴി കാട്ടിയായ പോരാട്ടമാണ് വൈക്കത്ത് നടന്ന തീണ്ടായ്‌മയ്‌ക്കെതിരെയുള്ള ആദ്യ സമരമായ വൈക്കം സത്യഗ്രഹം. ഉടൽ വേറെയാണെങ്കിലും ചിന്ത കൊണ്ട് കേരളവും തമിഴ്‌നാടും ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പങ്കെടുത്തവര്‍ : വൈകിട്ട് മൂന്നിന് വലിയ കവലയിലെ വൈക്കം തന്തൈ പെരിയാർ സ്‌മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാർ, ടി.കെ. മാധവൻ, മന്നത്ത് പദ്‌മനാഭൻ എന്നിവരുടെ സ്‌മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാനനായകരുടെയും പ്രത്യേകം തയാറാക്കിയ സ്‌മൃതി മണ്ഡപങ്ങളിൽ ഇരു മുഖ്യമന്ത്രിമാരും പുഷ്‌പാർച്ചന നടത്തിയ ശേഷമായിരുന്നു വൈക്കം ബീച്ചിൽ ഒരുക്കിയ പടുകൂറ്റൻ വേദിയിൽ ഉദ്ഘാടനം നടന്നത്. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പുസ്‌തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പ് പ്രകാശനം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ശതാബ്‌ദി ലോഗോ പ്രകാശനം സി.കെ ആശ എംഎൽഎയ്ക്ക് നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ നിർവഹിച്ചു. ശതാബ്‌ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് അവതരിപ്പിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, കെ. രാധാകൃഷ്‌ണൻ, കെ. കൃഷ്‌ണൻകുട്ടി, അഡ്വ. ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ലോക്‌സഭാംഗം ടി.ആർ. ബാലു, രാജ്യസഭാംഗംങ്ങളായ ജോസ് കെ. മാണി, ബിനോയ് വിശ്വം, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ , കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി. രാമഭദ്രൻ, മുൻരാജ്യസഭാംഗം കെ. സോമപ്രസാദ് എന്നിവർ വിശിഷ്‌ടാതിഥികളായിരുന്നു.
എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, സാംസ്‌കാരിക വകുപ്പ് ഡയറക്‌ടർ എസ്. സുബ്രഹ്മണ്യൻ, ജില്ല കലക്‌ടർ ഡോ.പി.കെ. ജയശ്രീ, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.കെ രഞ്ജിത്ത്, നഗരസഭാംഗം ബിന്ദു ഷാജി എന്നിവർ സന്നിഹിതരായിരുന്നു. ശ്രീനി എടവണ്ണ ഒരുക്കിയ സ്‌റ്റാലിന്‍റെ തടിയിൽ കൊത്തിയ ഛായാരൂപം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉപഹാരമായി അദ്ദേഹത്തിന് സമർപ്പിച്ചു. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപം സാംസ്‌കാരിക വകുപ്പിന്‍റെ ഉപഹാരമായി സ്‌റ്റാലിന് മന്ത്രി സജി ചെറിയാൻ നല്‍കി.
മുഖ്യമന്ത്രിക്ക് മന്ത്രി വി.എൻ വാസവനും ഉപഹാരം കൈമാറി. ഇരു മുഖ്യമന്ത്രിമാർക്കുമുള്ള വൈക്കം ജനതയുടെ ഉപഹാരം സി.കെ ആശ എം.എൽ.എയും സമ്മാനിച്ചു.