കോട്ടയം : പിഞ്ചുകുഞ്ഞിന് കുത്തിവയ്‌പ്പെടുത്തതിൽ അപാകത വരുത്തിയ (Child Vaccination Injection Fault ) പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെ പൊലീസ് കേസെടുത്തു (Case Against Nurse). വൈക്കത്ത് ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (Primary Health Center Brahmamangalam) കുത്തിവയ്‌പ്പെടുത്ത ഒന്നര വയസുകാരിയുടെ കയ്യിൽ മുഴ വന്ന് പഴുത്തതായുള്ള പരാതിയിലാണ് തലയോലപ്പറമ്പ് പൊലീസ് നഴ്‌സിനെതിരെ കേസെടുത്തത്. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.
പ്രതിരോധ കുത്തിവയ്‌പ്പിൽ വീഴ്‌ച : കഴിഞ്ഞ ഓഗസ്റ്റ് മാസം രണ്ടിനാണ് ബ്രഹ്മമംഗലം കരോട്ട് കാലയിൽ ജോമിൻ - റാണി ദമ്പതികളുടെ മകൾ ഒന്നര വയസുകാരിയുടെ കയ്യിൽ പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തത്. പിന്നാലെ കുട്ടിയുടെ കയ്യിൽ മുഴ കുത്തിവയ്‌പ്പെടുത്ത ഭാഗത്ത് ഉണ്ടാവുകയും അത് പഴുക്കുകയുമായിരുന്നു. തുടർന്ന് ഡോക്‌ടർമാർ ശസ്‌ത്രക്രിയ നിർദേശിക്കുകയും ചെയ്‌തു.
വിഷയത്തിൽ ദമ്പതികൾ ജീവനക്കാരിയുടെ അനാസ്ഥക്കെതിരെ ആരോഗ്യ വകുപ്പിനും മന്ത്രിക്കുമടക്കം പരാതി നൽകുകയും ഇതുപ്രകാരം അന്വേഷണം നടക്കുകയും ചെയ്‌തു. എന്നാൽ ആരോഗ്യ വകുപ്പ് ജീവനക്കാരിയെ ന്യായീകരിക്കുന്ന നിലപാടെടുത്തെന്നാണ് കുടുംബത്തിന്‍റെ ആക്ഷേപം. തുടർന്നാണ് ബാലാവകാശ കമ്മിഷന് (Child Rights Commission) കുടുംബം നൽകിയ പരാതിയിൽ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയത്.
നഴ്‌സിന്‍റെ പിഴവെന്ന് പൊലീസ് : നഴ്‌സ് ഉദാസീനതയോടെ കുത്തിവയ്‌പ്പ് എടുത്തതായാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. കുട്ടിയുടെ അമ്മ റാണിയുടെ മൊഴി പ്രകാരമാണ് നഴ്‌സിനെതിരെയുള്ള കേസ്. കുട്ടിയുടെ കയ്യിൽ മുഴ വന്ന് വേദനയും പനിയുമായതോടെ ആരോഗ്യ കേന്ദ്രത്തിലെത്തിയപ്പോൾ സാരമില്ലെന്ന മറുപടിയാണ് ആദ്യം നൽകിയത്.
പിന്നീട് സെപ്‌റ്റംബർ നാലിന് ആരോഗ്യ കേന്ദ്രത്തിലെ തന്നെ ഡോക്‌ടർ കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിലെ സർജന്‍റെ ചികിൽസ നിർദേശിക്കുകയായിരുന്നു. ഇതിനിടെ മൂന്ന് തവണ കുട്ടിയുടെ കയ്യിലെ മുഴ പഴുത്ത് പൊട്ടുകയും ചെയ്‌തു.
ആരോഗ്യവകുപ്പിനെതിരെ ദമ്പതികൾ : പിന്നാലെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ചികിൽസ തേടിയ കുടുംബത്തോട് ശസ്‌ത്രക്രിയ വേണമെന്നായിരുന്നു ഡോക്‌ടർ നിർദേശിച്ചത്. എന്നാൽ മാസങ്ങൾ കഴിയുമ്പേൾ മുഴ മാറുമെന്നാണ് ഇപ്പോൾ ഡോക്‌ടർമാർ പറയുന്നതെന്നും പരാതി നൽകിയതിനാലാണ് ആരോഗ്യവകുപ്പ് നിലപാട് മാറ്റുന്നതെന്നുമാണ് കുടുംബത്തിന്‍റെ ആക്ഷേപം. ആരോഗ്യവകുപ്പിൽ നിന്ന് നീതി കിട്ടാതെ വന്നതോടെയാണ് കുട്ടിയുടെ കുടുംബം ബാലാവകാശ കമ്മിഷനും ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമടക്കം നൽകിയത്.