കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതി ആലുവ കളമശ്ശേരി സ്വദേശിനി നീതു രാജ്(30)നെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജനുവരി 6നാണ് പ്രസവ വാർഡിൽ നിന്നും കുമളി വണ്ടിപ്പെരിയാർ വലിയ തറയിൽ ശ്രീജിത്ത്-അശ്വതി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെ നീതു തട്ടിയെടുത്തത്. പൊലീസിൻ്റെ സമയോചിത ഇടപെടൽ മൂലം ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി കുഞ്ഞിനെ തിരിച്ചേൽപ്പിക്കുകയായിരുന്നു.
നീതുവിനെ തെളിവെടുപ്പിന് എത്തിച്ച്, കുട്ടിയെ തട്ടിയെടുത്തത് എവിടെവച്ചെന്നും, വന്നതും പോയതും ഏത് വഴികളിലൂടെയെന്നും പൊലീസ് ചോദിച്ചറിഞ്ഞു. ശേഷം ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റ് മുമ്പാകെ പ്രതിയെ എത്തിച്ച് ഇവർ തന്നെയാണോയെന്ന് ഉറപ്പുവരുത്തി. തെളിവെടുപ്പ് പൂർണമായതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എസ്എച്ച്ഒ കെ.ഷിജി പറഞ്ഞു.
കാമുകനായ കളമശ്ശേരി എച്ച്എംടി കോളനിയിൽ വാഴയിൽ ഇബ്രാഹിം ബാദുഷ(30)യിൽ ഗർഭം ധരിച്ച് ഉണ്ടായ കുഞ്ഞാണെന്ന് വരുത്തിത്തീർക്കാനും ഇയാള്‍ കൈവശപ്പെടുത്തിയ പണവും സ്വർണവും തിരികെ വാങ്ങാനുമാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്.
പ്രതിയുടെ മൊഴി പ്രകാരം നീതുവിന്‍റെ എട്ട് വയസുള്ള കുട്ടിയെ മർദിച്ചതിന്‍റെ പേരിലും വഞ്ചന കുറ്റത്തിനും ബാദുഷയെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. നിലവിൽ ബാദുഷ റിമാന്‍ഡില്‍ കഴിയുകയാണ്. കൃത്യം നടന്നത് കളമശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ തുടരന്വേഷണം കളമശ്ശേരി പൊലീസ് നടത്തി വരികയാണെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു.