കോട്ടയം: നിർഭാഗ്യവശാൽ നാട് ഇപ്പോൾ പുരോഗതി കൈവരിക്കരുത് എന്ന് ചിലർ കരുതുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുരോഗതി കൈവരിക്കരുത് എന്ന് മാത്രമാണ് അവരുടെ ആഗ്രഹം. ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ എന്ന ചോദ്യത്തിന് അവർ ഉത്തരം നൽകുന്നില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കർഷക സംഘത്തിന്‍റെ 27-ാമത് സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ വികസന രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകും. പൊതു വിദ്യാഭ്യാസരംഗത്ത് വലിയ പുരോഗതി ഉണ്ടായി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മുന്നോട്ട് പോകാനുള്ള ശ്രമം നടത്തും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ നാടിന്‍റെ പുരോഗതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സർവകലാശാലകൾ ഉയർന്നു വരികയാണ്. ഈ ഉയർച്ചകൾ കേരളത്തെ വളർത്തും. ലോകത്തിന്‍റെ വിവിധ ഭാഗത്തു നിന്നുള്ള വിദ്യാർഥികൾ ഇവിടേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭാഷയുടെ പേരിൽ രാജ്യത്ത് ഒരു തരത്തിലുള്ള തർക്കവും ഉണ്ടാകാൻ പാടില്ല. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇത് ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതല്ല. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഈ നിലപാട് കേന്ദ്രം തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോട്ടയം തിരുനക്കര മൈതാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.