കോട്ടയം: പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന പുൽമേട്. ചെറുതും വലുതുമായ മരക്കൂട്ടങ്ങളും വിടർന്നു നിൽക്കുന്ന പൂക്കളും. വരാന്തയ്‌ക്ക് ചുറ്റും തൂക്കിയിട്ടിരിക്കുന്ന അലങ്കാര ചെടികള്‍... ഇതിന് നടുവിലായി തേൻ മാവിന്‍റെ ചില്ലയ്ക്ക് താഴെ തണൽ പറ്റി നിൽക്കുന്ന കൊച്ചുമുറി. ഇതൊരു പോസ്റ്റ് ഓഫീസാണ്.
കുമരകത്ത് ചീപ്പുങ്കലില്‍ ഹൗസ് ബോട്ടും കായല്‍ യാത്രയും മാത്രമല്ല മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ പോസ്റ്റ്ഓഫീസും വിദേശികൾ അടക്കമുള്ള സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. മുൻ പോസ്റ്റ് മാസ്റ്റർ കോമളമാണ് ഈ സൗന്ദര്യബോധത്തിന് പിന്നിലെ കഥാപാത്രം. വീടിനോട് ചേർന്ന് നിൽക്കുന്ന ഓഫിസിൽ അലങ്കാര ചെടികള്‍ വെച്ചുപിടിപ്പിച്ചതും പാരിപാലിക്കുന്നതും എല്ലാം കോമളത്തിന്‍റെ നേതൃത്വത്തിൽ തന്നെ.
ഓഫിസ് പ്രവർത്തനം ആരംഭിച്ച് ഏഴുവർഷങ്ങള്‍ പിന്നിടുമ്പോഴും കോമളത്തിന്‍റെ പതിവ് ദൗത്യങ്ങൾ മാറ്റമില്ലാതെ തുടരുന്നു. കുമരകത്ത് എത്തിയ ഒരു സഞ്ചാരിയാണ് ഈ മനോഹര കാഴ്‌ച ആദ്യമായി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ വൈറലായതോടെ ചീപ്പുങ്കൽ താപാൽ ഓഫിസ് സൂപ്പർ ഹിറ്റായി.
ഇടപാടുകാരെക്കാള്‍ കൂടുതൽ സഞ്ചാരികളാണ് ഇപ്പോൾ ഓഫിസിലെത്തുന്നതെന്ന് ജീവനക്കാർ പറയുന്നു. സ്വദേശികളായ സഞ്ചാരികള്‍ അക്കൗണ്ടുകള്‍ കൂടി എടുത്ത് തുടങ്ങിയതോടെ ജീവനക്കാർക്കും ഇരട്ടി സന്തോഷം. ഏറെ നേരം ചിലവിട്ടും, ചിത്രങ്ങള്‍ പകർത്തിയുമാണ് സഞ്ചാരികള്‍ ഇവിടെ നിന്ന് മടങ്ങുന്നത്.