കോട്ടയം: കേരള കോൺഗ്രസിന്‍റെ തട്ടകമായ ചങ്ങനാശേരിയിൽ ശക്തമായ പോരാട്ടത്തിന് കളമൊരുക്കി മുന്നണികള്‍. വിജയമുറപ്പിക്കാൻ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മൂന്ന് മുന്നണികളും. യുഡിഫ് വിട്ട കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും യുഡിഎഫിന് ഒപ്പം നിൽക്കുന്ന ജോസഫ് ഗ്രൂപ്പിനും ചങ്ങനാശേരിയിലേത് അഭിമാന പോരാട്ടമാണ്. 1977 മുതൽ ചങ്ങനാശേരിയിൽ നിന്ന് കേരള കോൺഗ്രസ് മാത്രമാണ് വിജയിച്ചിട്ടുള്ളത്. 1980 മുതൽ സി.എഫ് തോമസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് പോയപ്പോൾ സി.എഫ് തോമസ് ജോസഫിനൊപ്പം നിന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ചങ്ങനാശേരിയിൽ മേൽക്കൈ നേടിയത് ജോസ് കെ മാണി വിഭാഗമായിരുന്നു.
സി.എഫിന്‍റെ മരണത്തിനു ശേഷം നിയമസഭ തെരഞ്ഞെടുപ്പ് എത്തുമ്പോൾ അദ്ദേഹത്തിന്‍റെ പിൻഗാമിയാകുമെന്ന് അവകാശ വാദവുമായി ജോസഫ് ഗ്രൂപ്പ് വി.ജെ ലാലിയെയാണ് മത്സര രംഗത്തിറക്കിയിരിക്കുന്നത്. ചങ്ങനാശേരി സീറ്റ് എൽഡിഎഫ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയതിനാൽ അഡ്വ. ജോബ് മൈക്കിളാണ് ഇവിടെ എൽഡിഎഫ് സ്ഥാനാഥി. കോൺഗ്രസിൽ നിന്ന് രാജി വച്ചെത്തിയ ജി രാമൻ നായരാണ് എൻഡിഎ സ്ഥാനാർഥി. 1980 ൽ മണ്ഡലത്തിൽ എൽഡിഎഫുമായി ചേർന്നപ്പോഴുണ്ടായ വിജയം ആവർത്തിക്കുമെന്ന് ഭൂരിപക്ഷം പഞ്ചായത്തുകളും നഗരസഭയും ജോസ് കെ മാണിയ്‌ക്കൊപ്പമായത് വിജയം നേടിത്തരുമെന്നും എൽഡിഎഫ് സ്ഥാനാർഥി ജോബ് മൈക്കിൾ പറഞ്ഞു.
മണ്ഡലത്തിലൂടനീളം വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുകയാണ് ജോബ് മൈക്കിൾ. ഇടതു പക്ഷത്തിന്‍റെ പിന്തുണ വിജയം ഉറപ്പാക്കുമെന്ന ആത്മ വിശ്വാസത്തിലാണ് സ്ഥാനാർഥി. അതേസമയം കേരള കോൺഗ്രസിന്‍റെ കോട്ടയായ ചങ്ങനാശേരിയിൽ ഇക്കുറിയും വിജയം തങ്ങൾക്കായിരിക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി വി.ജെ ലാലി പറഞ്ഞു. അധ്യാപകനെന്ന നിലയിലുണ്ടായ വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്നും വിജയം ഉറപ്പാണെന്നും വി.ജെ ലാലി കൂട്ടിച്ചേർത്തു. യുഡിഎഫ് പിന്തുണയും പി.ജെ ജോസഫിലുള്ള വിശ്വാസവും വോട്ടായി മാറുമെന്നും യുഡിഎഫ് സ്ഥാനാർഥി ഉറച്ച് വിശ്വസിക്കുന്നു. ചങ്ങനാശേരിയുടെ മണ്ണിൽ ഇക്കുറി ബിജെപി വിജയപതാക പാറിക്കുമെന്നവകാശപ്പെട്ടാണ് എൻഡിഎ സ്ഥാനാർഥി ജി രാമൻ നായർ പ്രചാരണ രംഗത്ത് സജീവമാകുന്നത്.
കോൺഗ്രസിൽ നിന്നു വിട്ടു വന്ന തന്നോട് ആർക്കും വിരോധമില്ലെന്നും ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കാൻ സാധിച്ചത് പ്ലസ് പോയിന്‍റായി മാറുമെന്നും ജി രാമൻ നായർ കരുതുന്നു. ഇടത് വലത് സർക്കാരുകൾ മാറി മാറി മാറി വന്നിട്ടും ചങ്ങനാശേരിയിൽ വികസനം ഉണ്ടായില്ലെന്നും ജി രാമൻ നായർ പറയുന്നു. അയ്യപ്പ വിശ്വാസികളുടെ പിന്തുണ കിട്ടുമെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാൽ പ്രചാരണ തിരക്കിലാണ് എൻഡിഎ സ്ഥാനാർഥി. മൂന്നു മുന്നണികളും വിജയം ലക്ഷ്യമിട്ട് മണ്ഡലത്തിലെമ്പാടും ശക്തമായ പ്രചരണത്തിലാണ്. ജോസും ജോസഫും തമ്മിൽ നേർക്കു നേരെ മത്സരിക്കുന്ന മണ്ഡലത്തിൽ പോരാട്ടം തീപാറും.