കോട്ടയം: റെക്കോഡുകളുടെ പ്രഭയിൽ ചങ്ങനാശേരിയുടെ കലാകാരൻ മഞ്ജീഷ് മോഹൻ. പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ച് മഞ്ജീഷ് ഒരുക്കിയ ഗാന്ധിജിയുടെ ചിത്രത്തിന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്‍റര്‍നാഷണൽ ബുക്ക് ഓഫ് റെക്കോഡ് എന്നി അംഗീകാരങ്ങളാണ് ലഭിച്ചത്.
കഴിഞ്ഞ ഗാന്ധി ജയന്തിയോടനുബന്ധിച്ചാണ് ഉപയോഗ ശൂന്യമായ പ്ളാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ച് മഞ്ജീഷ് ഗാന്ധി ചിത്രം ഒരുക്കിയത്. 20 അടി നീളവും 18 അടി വീതിയിലുമാണ് ചിത്രം തയ്യാറാക്കിയത്. പ്ലൈവുഡ് ഷീറ്റില്‍ പ്ലാസ്റ്റിക് അടപ്പുകൾ പശ ഉപയോഗിച്ച് ഒട്ടിച്ചാണ് നിര്‍മ്മാണ രീതി.
ചങ്ങനാശേരിയിലെ മൈതാനത്ത് 20 ദിവസങ്ങൾ കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രത്തിനാവശ്യമായ പ്ലാസ്റ്റിക് കുപ്പി അടപ്പുകൾ ശേഖരിക്കാൻ അല്‍പം പ്രയാസപ്പെടേണ്ടി വന്നതായി മഞ്ജീഷ് പറഞ്ഞു. മൂന്ന് ജില്ലകളിലെ ആക്രി കടകളിൽ നിന്നുമായിരുന്നു അടുപ്പുകൾ ശേഖരിച്ചത്.
ഇത് തികയാതെ വന്നതിനെ തുടർന്ന് 4000 എണ്ണം വിലയ്ക്ക് വാങ്ങി. 30633 അടപ്പുകൾ ചിത്രത്തിനായി ഉപയോഗിച്ചു. അടുപ്പുകൾ കളർ അനുസരിച്ച് ഒട്ടിച്ചു അവസാനം ഫിനിഷിങ്ങിന് വേണ്ടി ഇനാമൽ കളർ ഉപയോഗിച്ചിട്ടുണ്ടെന്നും മഞ്ജീഷ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്‍റെ നിര്‍മ്മാണ വീഡിയോ ഷൂട്ട് ചെയ്ത് അയച്ചത് വിലയിരുത്തിയാണ് അധികൃതര്‍ വിവിധ റെക്കോഡുകള്‍ക്ക് മഞ്ജീഷിനെ പരിഗണിച്ചത്.
also read: പത്മനാഭപുരം കൊട്ടാരത്തിന്‍റെ കോട്ടമതിൽ തകരുന്നു; സംരക്ഷണം ഒരുക്കണമെന്ന് സർക്കാരുകളോട് ജനം
2020ലെ ഗാന്ധി ജയന്തിക്ക് മഞ്ജീഷ് ചെയ്‌ത ഗാന്ധിജിയുടെ ഇലസ്ട്രേഷൻ ആർട്ടും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഷോർട്ട് ഫിലിം രംഗത്തും മികവ് തെളിയിക്കാന്‍ മഞ്ജീഷിനായിട്ടുണ്ട്. മഞ്ജീഷ് രചനയുo കലാ സംവിധാനവും സംവിധാനവും നിർവഹിച്ച വേൾഡ് കപ്പ് ഒരു സ്വപ്നം, കാവൽ എന്നിങ്ങനെ രണ്ട് ഷോട്ട് ഫിലിമുകള്‍ യൂട്യുബിൽ റിലീസ് ചെയ്‌തിട്ടുണ്ട്. ഞാൻ എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ഷോട്ട് ഫിലിം അണിയറയിലൊരുങ്ങുന്നതായും മഞ്ജീഷ് പറഞ്ഞു.