കോട്ടയം: കേരള കോണ്‍ഗ്രസ് എം മുതിർന്ന നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സി.എഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 10.30ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സി.എഫ് തോമസിനെ അരോഗ്യനില വഷളായതിനെ തുടർന്ന് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കേരള കോണ്‍ഗ്രസിന്‍റെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു.
1980 മുതൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്നും തുടർച്ചയായി നിയമസഭയെ പ്രതിനിധികരിച്ചു. തുടർച്ചയായ 43 വർഷം എംഎൽഎ ആയ അദ്ദേഹം 2001 മുതൽ 2006 വരെ എ.കെ ആന്‍റണി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായും സേവനമനുഷ്‌ടിച്ചു.
കേരള കോൺഗ്രസിന്‍റെ സ്ഥാപക നേതാവും കെ.എം മാണിയുടെ സന്തത സഹചാരിയുമായിരുന്ന സി.എഫ് തോമസ് കെ.എസ്.യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വന്നത്. അധ്യാപകനായിരുന്ന അദ്ദേഹം ആ വേഷം മാറ്റി വച്ചാണ് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് എത്തുന്നത്. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ എന്നീ നിലകളിലും സി.എഫ് തോമസ് പ്രവർത്തിച്ചു. കെ.എം മാണിക്കൊപ്പം ഉറച്ചു നിന്ന സി.എഫ് തോമസ് മാണി ഗ്രൂപ്പിലെ രണ്ടാമത്തെ നേതാവായാണ് അറിയപ്പെട്ടിരുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലും കെ.എം മാണിക്കൊപ്പം അടിയുറച്ചു നിന്നു. എന്നാൽ കെ.എം മാണിയുടെ മരണ ശേഷം പി.ജെ ജോസഫിനോട് കൂടുതൽ അടുത്ത സി.എഫ് തോമസ് പുതിയ രാഷ്‌ട്രീയ സാഹചര്യങ്ങൾ ഉണ്ടായതോടെ പി.ജെ ജോസഫിന്‍റെ നിലപാടുകൾക്ക് പിൻതുണ പ്രഖ്യാപിക്കുകയായിരുന്നു. ഒൻപത് തവണ ചങ്ങനാശ്ശേരിയിൽ നിന്നും വിജയിച്ചെത്തിയപ്പോഴും അഴിമതി രതഹിത പ്രവർത്തനങ്ങളായിരുന്നു സി.എഫ് തോമസിന്‍റെ മുഖമുദ്ര.
സി.ടി ഫ്രാൻസിസിന്‍റെയും അന്നമ്മ ഫ്രാൻസിസിന്‍റെയും മകനായി 1939 ജൂലായ് 30നായിരുന്നു സി.എഫ് തോമസിന്‍റെ ജനനം. കെ.എം മാണിക്ക് ശേഷം കേരളാ കോൺഗ്രസ് രാഷ്‌ട്രീയത്തിലെ നികത്താനാകാത്ത വിടവായി അദ്ദേഹം അരങ്ങെഴിഞ്ഞു.