കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാർ ഓടിച്ചിരുന്ന ബ്രഹ്മമംഗലം സ്വദേശി ചാക്കോ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ അപകടമൊഴിവായി. നീർപ്പാറ-ബ്രഹ്മമംഗലം റോഡിൽ രാജൻ കവലയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.
കാർ കത്തുമ്പോൾ അതു വഴി വന്ന ഡിവൈഎഫ്ഐ തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്‍റ് ജിതിൻ ബോസ്, മേഖല സെക്രട്ടറി ശരൺ ദാസ് എന്നിവർ സമീപത്തെ വീട്ടില്‍ ചെടി നനയ്ക്കാനുപയോഗിച്ചിരുന്ന ഹോസെടുത്ത് വെള്ളമൊഴിച്ച് തീ അണച്ചു. കടുത്തുരുത്തി, വൈക്കം ഫയർഫോഴ്‌സും തലയോലപ്പറമ്പ് പൊലീസും സ്ഥലത്തെത്തി. കാറിന്‍റെ ഇന്ധനം ചോർന്നതിനെ തുടർന്നാണ് കാറിന് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.