കോട്ടയം: വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കുന്നതിനായി ഒറ്റയടിപ്പാലത്തിലൂടെ കടന്ന വിദ്യാർത്ഥി തോട്ടിൽ വീണു മരിച്ചു. തിരുവാർപ്പ് മുസ്‌ലിം പള്ളി ഭാഗത്ത് മാലത്തുശേരി മാലേച്ചിറയിൽ വീട്ടിൽ സുധീറിന്‍റെയും ഭീമയുടെയും മകൻ സജാദ് (7) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ALSO READ: ആവശ്യങ്ങള്‍ അംഗീകരിച്ച് സർവകലാശാല, നിരാഹാര സമരം അവസാനിപ്പിച്ച് ദീപ പി മോഹനൻ
വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കുന്നതിനായാണ് കുട്ടി പാലത്തിൽ നിന്നും മറുകരയ്ക്ക് എത്തിയത്. ഇതിനിടെ ചെരുപ്പ് പാലത്തിൽ നിന്നും താഴേയ്ക്കു വീണു. പാലത്തിൽ നിന്നും ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ സജാദ് വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു.
വെള്ളത്തിൽ കുട്ടി വീഴുന്നത് കണ്ട് ആളുകൾ ഓടിയെത്തിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് തോട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം പുറത്ത് എടുത്തത്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി ആശുപത്രിയിലേയ്ക്കു മാറ്റി. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം പിന്നീട്.