കോട്ടയം: നവകേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മധ്യ മേഖലാധ്യക്ഷൻ എൻ ഹരി (BJP Leader N Hari against Navakerala Sadas). പൊതുജനങ്ങളിൽ നിന്ന് പരാതി വാങ്ങുന്ന പരിപാടിയല്ല നവകേരള സദസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ നവകേരള സദസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് എൻ ഹരി പറഞ്ഞു. മുഖ്യമന്ത്രിയും സർക്കാരും ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി മധ്യ മേഖലാധ്യക്ഷൻ വ്യക്തമാക്കി.
പാലായിലെ വേദിയിൽ വച്ച് പരാതി സ്വീകരിക്കാനല്ല ഈ പരിപാടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. നവകേരള സദസ് എന്ന പരിപാടി യഥാർഥത്തിൽ എന്തിനാണെന്ന് ഘടക കക്ഷിയിൽപ്പെട്ട തോമസ് ചാഴിക്കാടൻ എംപിക്ക് പോലും അറിയില്ലെന്നും എൻ ഹരി പറഞ്ഞു. മുഖ്യമന്ത്രി പാവങ്ങളെ പറഞ്ഞ് പറ്റിച്ച് പരിപാടിയ്ക്ക് ആളെ കൂട്ടുകയാണെന്നും എൻ ഹരി ആരോപിച്ചു.
പാലായിൽ നവകേരള സദസിന്‍റെ വേദിയിൽ പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്ന കാര്യം പ്രസംഗിച്ച ചാഴിക്കാടനെ വേദിയിൽ വെച്ചുതന്നെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. സർക്കാരിന്‍റെ നയങ്ങളും പരിപാടികളും വിശദമാക്കാനാണ് നവകേരള സദസ് എന്ന കാര്യം എംപിക്ക് അറിയാത്തത് നിർഭാഗ്യകരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തോമസ് ചാഴിക്കാടന്‍ എംപിയെ തിരുത്തി മുഖ്യമന്ത്രി: പാലായിൽ നടന്ന നവകേരള സദസിന്‍റെ പരിപാടിയിൽ സ്വാഗതം പറഞ്ഞ തോമസ് ചാഴിക്കാടന്‍ എംപി മുഖ്യമന്ത്രി വേദിയില്‍ ഇരിക്കെ തനിക്ക് രണ്ട് മൂന്ന് കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചിരുന്നു. റബറിന് താങ്ങുവില കൂട്ടിയതിനും പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ 13 പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മലങ്കര മീനച്ചില്‍ കുടിവെള്ള പദ്ധതി തുടങ്ങിയതിനും അദ്ദേഹം നന്ദി പറഞ്ഞു.
തുടര്‍ന്ന് പാലാ സിന്തറ്റിക്ക് ട്രാക്ക് നവീകരണത്തിന് അഞ്ച് കോടി അനുവദിക്കണമെന്നും ചേര്‍പ്പുങ്കല്‍ പാലം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഇവയ്‌ക്ക് മറുപടിയും നൽകി. പരിപാടിയെ കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാതി സ്വീകരിക്കല്‍ മാത്രമല്ല പരിപാടയുടെ ലക്ഷ്യമെന്നും പ്രധാന കാര്യം നമ്മുടെ നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കലാണെന്നും അറിയിച്ചു.
കേരളം നേരിടുന്ന അവഗണനയും നവകേരള സദസിലൂടെ ജനത്തെ ബോധ്യപ്പെടുത്തുന്നു. നാട് എവിടെ എത്തി, ഇനി എന്തുചെയ്യണം എന്നിവയും അവതരിപ്പിക്കുന്നു. തോമസ് ചാഴികാടന് അത് വേണ്ടത്ര മനസിലാകാതെ വന്നത് ഖേദകരമാണ്. പ്രസംഗത്തിന് അവസാനം മുഖ്യമന്ത്രി, ചാഴിക്കാടന്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പും നല്‍കി. ചടങ്ങിന് ശേഷം താന്‍ മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചതായി തോമസ് ചാഴിക്കാടന്‍ പിന്നീട് പ്രതികരിച്ചു.