കോട്ടയം: രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിൻ്റെ വെള്ളിലാപ്പിളളിയിലെ വീടിനു നേർക്ക് കല്ലേറ്. വ്യാഴാഴ്‌ച അര്‍ധരാത്രി 12.15ഓടെയായിരുന്നു സംഭവം. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. ജനലിന് സമീപം ഷൈനിയുടെ മകൻ നിൽപ്പുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സ്‌കൂട്ടറിൽ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. കല്ലെറിഞ്ഞവരിൽ ഒരാളെ മകൻ കണ്ടു. കഴിഞ്ഞ ദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഷൈനി ഇടതു മുന്നണിയോടൊപ്പം ചേർന്ന് പ്രസിഡന്‍റായതിലെ വിരോധം മൂലമാണ് ആക്രമണം എന്നാണ് സൂചന.
പാലാ ഡിവൈഎസ്‌പി ഗിരീഷ് പി സാരഥി, രാമപുരം സിഐ കെ.എൻ രാജേഷ്, എസ്‌ഐ പി.എസ്. അരുൺകുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.