കോട്ടയം : സംസ്ഥാനത്ത് സി.പി.എമ്മിന്‍റെ ഭരണത്തണലിൽ വ്യാപക സ്വർണക്കടത്തും പിടിച്ചുപറിയും നടക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എന്‍ രാധാകൃഷ്ണൻ. ഭയാനകമായ രീതിയിൽ, ഭരണസംവിധാനവും മാർക്‌സിസ്റ്റ് പാർട്ടിയും ഗുണ്ടകളും ഒരുമിച്ച് ചേർന്നാണ് ഇതിന് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കരിപ്പൂര്‍ സ്വര്‍ണക്കടത്തും രാമനാട്ടുകര വാഹനാപകടവും സംബന്ധിച്ച കേസിലാണ് പ്രതികരണം.
'നേരത്തേ പുറത്താക്കിയിട്ട് എന്തുണ്ടായി?'
രാമനാട്ടുകര സംഭവത്തിൽ കമ്മ്യൂണിസ്റ്റ് സഹയാത്രികരാണ് അറസ്റ്റിലായത്. അർജുൻ ആയങ്കി 22 തവണ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് കസ്‌റ്റംസിന്‍റെ വെളിപ്പെടുത്തൽ.
ALSO READ: കരിപ്പൂർ സ്വർണക്കടത്ത്; മുഹമ്മദ് ഷഫീഖ് കസ്റ്റംസ് കസ്റ്റഡിയിൽ
17 കിലോ സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്ക്. സി.പി.എം അയാളെ നേരത്തേ പുറത്താക്കിയെന്നാണ് പറയുന്നത്. എന്ത് കാര്യത്തിനാണ് നേരത്തേ പുറത്താക്കിയതെന്ന് രാധാകൃഷ്ണൻ ചോദിച്ചു.
'പിണറായിയില്‍ വിശ്വാസമില്ല'
എന്തുകൊണ്ട് അര്‍ജുനെതിരെ പൊലീസ് നടപടികൾ ഉണ്ടായില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കൊള്ള സംഘവുമായി ബന്ധമുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിന്‍റെ മറവിൽ നടന്നിട്ടുള്ള കള്ളക്കടത്ത്, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയവയെക്കുറിച്ച് സമഗ്ര അന്വേഷണം വേണം.
പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ അന്വേഷണങ്ങളിൽ സത്യം വെളിച്ചത്ത് വരില്ല. ഇത് കേന്ദ്ര സർക്കാരിന്‍റെയും കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
കേരളം ഐ.എസ് ഭീകരരുടെ താവളമാണെന്ന ബെഹ്റയുടെ കണ്ടെത്തൽ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു എ.എന്‍ രാധാകൃഷ്ണൻ.