കോട്ടയം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥരുടെയും പൊതു പ്രവര്‍ത്തകരുടെയും സജീവ ഇടപെടല്‍ വേണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. ഭക്ഷ്യ വകുപ്പിന്‍റെ ജില്ലയിലെ ഉദ്യോഗസ്ഥരെ നേരില്‍ കാണുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം.
അര്‍ഹതയുള്ള അനേകം കുടുംബങ്ങള്‍ മുന്‍ഗണനാ കാര്‍ഡിനുവേണ്ടി കാത്തിരിക്കുന്നുണ്ട്. ഒരാള്‍ക്കു പോലും അധികമായി കാര്‍ഡ് നല്‍കാന്‍ കഴിയുന്ന സ്ഥിതിയല്ല. അതുകൊണ്ട് തന്നെയാണ് അനര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
അനര്‍ഹര്‍ക്ക് പിഴയോ ശിക്ഷാ നടപടികളോ ഇല്ലാതെ ജൂലൈ 15 വരെ പൊതു വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷ നല്‍കാൻ കഴിയും. സംസ്ഥാനത്ത് അനര്‍ഹമായി കൈവശം വച്ചിരുന്ന കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് 82000ലധികം അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും കോട്ടയം ജില്ലയില്‍ മാത്രം 4105 പേര്‍ അപേക്ഷ നല്‍കിയെന്നും മന്ത്രി അറിയിച്ചു.
ALSO READ: സഹകരണ മന്ത്രാലയ രൂപീകരണം സംസ്ഥാനങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം : വി.എന്‍ വാസവന്‍
ഇനിയും നിരവധി പേര്‍ അപേക്ഷ സമര്‍പ്പിക്കാനുണ്ട്. അവരെ ബോധവത്കരിക്കുന്നതിന് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും മറ്റ് പൊതു പ്രവര്‍ത്തകരും ശ്രമിക്കണമെന്നും ജി.ആര്‍. അനില്‍ കൂട്ടിച്ചേർത്തു.
മന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ അദ്ദേഹത്തെ ജില്ലാ കലക്ടര്‍ എം. അഞ്ജന സ്വീകരിച്ചു. ജില്ലാ സപ്ലൈ ഓഫീസില്‍ നടന്ന യോഗത്തില്‍ വകുപ്പിന്‍റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ സി.എസ്. ഉണ്ണികൃഷ്ണകുമാര്‍, വകുപ്പിലെ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.