കോട്ടയം : കോട്ടയം റെയില്‍വേ ക്രോസിലെ കൗതുകകരമായ ഇരട്ട തുരങ്കയാത്ര ഇനി ഓര്‍മ മാത്രം. കോട്ടയം മുതല്‍ മുട്ടമ്പലം വരെയുള്ള റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായാണ് തുരങ്കപാത ഒഴിവാക്കിയത്. തുരങ്കങ്ങള്‍ ഒഴിവാക്കിയുള്ള പാതയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപവും റബ്ബര്‍ ബോര്‍ഡിന് സമീപവുമുള്ള ഇരട്ടതുരങ്കങ്ങളെ റെയില്‍വേ പാതയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഇവയെ അതുപോലെ നിലനിര്‍ത്താനാണ് തീരുമാനം. തുരങ്ക പാത ഷണ്ടിങ്ങിനായി ഉപയോഗിക്കും. തുരങ്കത്തിലൂടെ ഏതാനും നിമിഷങ്ങള്‍ മാത്രമേ ട്രെയിന്‍ കടന്നുപോകുന്നുള്ളൂവെങ്കിലും അതിലേക്ക് ട്രെയിന്‍ കയറുമ്പോഴുള്ള ഇരുട്ടും ശബ്‌ദവും യാത്രക്കാര്‍ക്ക് വ്യത്യസ്‌ത യാത്രാനുഭവമായിരുന്നു.
പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി നിലവിലെ തുരങ്കങ്ങളോട് ചേര്‍ന്ന് പുതിയ തുരങ്കം നിര്‍മിക്കാനായിരുന്നു റെയില്‍വേയുടെ തീരുമാനം. എന്നാല്‍ തുരങ്കം നിര്‍മിക്കുന്നതിന് പ്രദേശത്തെ മണ്ണിന് ഉറപ്പില്ലെന്ന് കണ്ടെത്തിയതോടെയാണ് പുതിയ പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിലവിലുള്ള പാതയും സുരക്ഷാകാരണങ്ങളാല്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
also read: തീവണ്ടി തട്ടി പരിക്കേറ്റ ഗ്രാമീണ്‍ ബാങ്ക് അപ്രൈസര്‍ മരിച്ചു ; ദുരൂഹതയെന്ന് കുടുംബം
1957 ലാണ് കോട്ടയത്ത് തുരങ്കങ്ങള്‍ നിര്‍മിച്ചത്. എന്നാല്‍ അതിന്‍റെ നിര്‍മാണത്തിനിടെ 1957 ഒക്‌ടോബര്‍ 20 ന് മണ്ണിടിഞ്ഞ് ആറ് പേര്‍ മരിച്ചു. ഇവരുടെ സ്‌മരണയ്ക്കായി റെയില്‍വേ എന്‍ജീനീയറിങ്ങ് വിഭാഗം മേല്‍പാലത്തോട് ചേര്‍ന്ന് സ്‌തൂപം നിര്‍മിച്ചിരുന്നു.
ഇതുവഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ബുധന്‍ വ്യാഴം ദിവസങ്ങളിലായി മുട്ടമ്പലം ഭാഗത്തെ ജോലികളാണ് പുരോഗമിക്കുന്നത്. വെള്ളിയാഴ്‌ച മുട്ടമ്പലത്ത് പുതിയ ട്രാക്കും പഴയ ട്രാക്കും ബന്ധിപ്പിക്കുന്ന ജോലികള്‍ നടക്കുമെന്ന് റെയില്‍വേ അറിയിച്ചു.
പറോലിക്കലില്‍ മെയ് 29 ന് പഴയതും പുതിയതുമായ ട്രാക്കുകളെ ബന്ധിപ്പിക്കുകയും വൈകിട്ട് പാതയിലൂടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.