കോട്ടയം: വൈക്കം പോളശേരി കായിക്കരയിലെ വീടിനോടു ചേർന്ന അങ്കണവാടി കെട്ടിടം തകർന്നു വീണ് നാലു വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വകുപ്പിനും നഗരസഭക്കും ഒരു പോലെ വീഴ്ച പറ്റിയതായി ബാലാവകാശ കമ്മിഷൻ അംഗം ശ്യാമള ദേവി. തകർന്ന അങ്കണവാടി കെട്ടിടം പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിൽ അങ്കണവാടി പ്രവർത്തിപ്പിച്ചതിൽ നഗരസഭയും വകുപ്പും ഒരു പോലെ അനാസ്ഥ കാട്ടി. കെട്ടിടം തകർന്ന് കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ രണ്ടു മുറിവുകൾ ഗുരുതരമാണ്. ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസത്തേതിലും മെച്ചപ്പെട്ടിട്ടുണ്ട്.
അപകടം ആവർത്തിക്കാതിരിക്കാൻ ബാലാവകാശ കമ്മിഷന്റ ഭാഗത്തു നിന്നു കൂടി നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. അപകടത്തെ തുടർന്ന് ബന്ധപ്പെട്ട ഐ സി ഡി എസ് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്‌തു. ഇത് പ്രാഥമിക നടപടി മാത്രമാണ്. കുറ്റക്കാരായ മറ്റു ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടായേക്കും.
ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി ഇവിടെ കൂടുന്നില്ലന്നും, കെട്ടിടത്തിന് വാടകയായി ലഭിക്കുന്ന 1000 രൂപയ്ക്ക് കുറ്റമറ്റ കെട്ടിടം ലഭിക്കില്ല. പഞ്ചായത്ത് നഗരസഭ തല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി ശക്തിപ്പെടുത്തണമെന്നും കമ്മീഷനംഗം കൂട്ടി ചേർത്തു. ഡി സി പി കെ.ആർ മല്ലിക, പ്രോഗ്രാം ഓഫിസർ കെ.ആർ ബിന്ദു, നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.