കൊല്ലം: ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് മാംസം കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ യൂട്യൂബ് വ്ലോഗറാണ്. കടയ്ക്കല്‍ ഐരക്കുഴി സ്വദേശി കമറുദ്ദീന്‍, മകന്‍ റജീഫ്, കൊച്ചാഞ്ഞിലിമൂട് സ്വദേശിയും യു ട്യൂബറുമായ ഹിലാരി എന്നിവരാണ് പിടിയിലാത്.
പ്രതികള്‍ 'ഹംഗ്രി ക്യാപ്റ്റന്‍' എന്ന പേരില്‍ യൂട്യൂബ് ചാനലിലൂടെ കുക്കറി ഷോ നടത്തിയിരുന്നു. ഈ ചാനലിന്‍റെ മറവില്‍ മൃഗവേട്ടയും ഇറച്ചി കച്ചവടവും നടന്നിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്.
ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിട്ട കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചു കൊന്ന് മാംസം കടത്തിയത്. വേട്ടയ്ക്കായി ഉപയോഗിച്ച തോക്കും സ്ഫോടകവസ്തുക്കളും ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. റജീഫ് ആണ് കേസിലെ മുഖ്യകണ്ണി.
തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് മൃഗങ്ങളെ വേട്ടയാടി പലയിടങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തുകയാണ് സംഘത്തിന്‍റെ രീതി. പുനലൂര്‍ ഡിവൈഎസ്‌പി ബി. വിനോദും സംഘവുമാണ് കേസ് അന്വേഷിച്ചത്.
ALSO READ:ഫോണ്‍ ചെയ്യുന്നതിനിടെ തര്‍ക്കം ; പാലോട് യുവതി ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു