കൊല്ലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം താലൂക്ക് ഓഫിസിനു മുന്നിൽ നിന്നും പ്രതിഷേധ പ്രകടനവുമായെത്തിയ പ്രവർത്തകരെ കലക്‌ടറേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ യുഡിഎഫ് ജില്ല ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്‌തു.
ഉദ്ഘാടനത്തിന് ശേഷം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഒരു പ്രവർത്തകന് പരിക്കേറ്റു.
ഇതോടെ പ്രവർത്തകർ കലക്‌ടറേറ്റിനു മുന്നിലെ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തു നീക്കി. അരുൺ രാജ് സമരത്തിന് നേത്യത്വം നൽകി.