കൊല്ലം: ഇളമ്പൂള്ളൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജലജ ഗോപന്‍റെ വീട്ടിലെ കിണര്‍ പടവില്‍ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുന്നെന്ന് യൂത്ത് കോണ്‍ഗ്രസ്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നിസാര വകുപ്പുകള്‍ ചുമത്തി കുറ്റക്കാരെ രക്ഷിക്കനുള്ള പൊലീസ് ശ്രമം നടക്കില്ലെന്നും പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത കോണ്‍ഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്‍റ് കെ.ബാബുരാജന്‍ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രതിനിധികൾ കുണ്ടറ സിഐ ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് കുണ്ടറ പ്രസിഡന്‍റ് മുഖത്തല ജ്യോതിഷ് പ്രതിഷേധത്തിന് അധ്യക്ഷത വഹിച്ചു.
പെരുമ്പുഴ പുനുക്കന്നൂർ അരുൺ നിവാസിൽ മിനി (40) ആണ് തിങ്കളാഴ്‌ച ആത്മഹത്യ ചെയ്തത്. മിനിയുടെ വീടിന്‍റെ നിർമാണം ഏറ്റെടുത്തത് ജലജ ഗോപന്‍റെ ഭർത്താവ് ഗോപനായിരുന്നു. വീട് നിർമാണം പൂർത്തിയാക്കാത്തതിൽ മനം നൊന്താണ് മിനി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ജലജ ഗോപൻ ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ 2018ൽ മിനിക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടനുവദിച്ചിരുന്നു. 9.5 ലക്ഷം രൂപയ്‌ക്ക് കരാർ എഴുതിയാണ് ഗോപൻ വീടിന്‍റെ നിർമാണം ഏറ്റെടുത്തത്. എന്നാൽ വീടിന്‍റെ നിർമാണം പൂർത്തിയാക്കാതെ കരാർ ഉപേക്ഷിക്കുകയായിരുന്നു.
വീട് നിർമാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മിനി നിരവധി തവണ കരാറുകാരനായ ഗോപന്‍റെ വീട്ടിൽ എത്തിയിരുന്നു. ഇത് പലപ്പോഴും കലഹമായി മാറുകയായിരുന്നു. 9.5ലക്ഷത്തിന് നിർമാണ കരാറെഴുതിയ വീടിന് പെരുമ്പുഴ സർവീസ് സഹകരണ ബാങ്കിൽ നിന്നും ലോണായി എടുത്ത 10 ലക്ഷം രൂപ ഉൾപ്പടെ 11.75 ലക്ഷം രൂപ ഗോപന് നൽകിയതായി മിനിയുടെ മകന്‍ അരുണ്‍ പറയുന്നു.