കൊല്ലം : ആൾത്താമസമില്ലാത്ത ക്വാർട്ടേഴ്‌സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫാത്തിമ മാത നാഷണൽ കോളജിന് സമീപത്താണ് സംഭവം. കൊല്ലം മാമൂട്, പുളിക്കുന്നില്‍ ഹൗസിൽ ഉമ പ്രസന്നനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്.
2022 ഡിസംബര്‍ 29ാം തിയതി വൈകിട്ട് കൊല്ലം ബീച്ചിൽ നിന്നും ഉമയുടെ ബാഗും, മൊബൈൽ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. നേരം ഏറെ വൈകിയിട്ടും യുവതി വീട്ടിൽ എത്താത്തതിനെ തുടർന്ന് മാതാവും സഹോദരങ്ങളും ഇവരുടെ ബന്ധുക്കളുടെ വീട്ടിൽ അന്വേഷിച്ചു. എന്നാല്‍, കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന്, ഉമയുടെ മാതാവ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഉമയ്ക്കായി കുണ്ടറ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്നലെ(ജനുവരി മൂന്ന്) വൈകിട്ടോടെ മൃതദേഹം ഫാത്തിമ മാത കോളജിന് സമീപത്തെ ഭാരത രാജ്ഞി പള്ളിക്ക് മുന്‍പിലെ ഉപയോഗശൂന്യമായ റെയിൽവേ ക്വാർട്ടേഴ്‌സിൽ കണ്ടെത്തിയത്. കോളജ് വിദ്യാർഥികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന്, വിദ്യാർഥികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മേൽനടപടികള്‍ സ്വീകരിച്ചു.
അസ്വാഭാവിക മരണത്തിന് കേസ് : തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള മുറിവുള്ളതായി പൊലീസ് പറയുന്നു. മൃതദേഹം പൂർണ നഗ്നമായാണ് കാണപ്പെട്ടത്. അതേസമയം, ഉമയുടെ ഫോൺ ഒരു യുവാവ് കൊട്ടിയം പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇത് കുണ്ടറ പൊലീസിന് കൈമാറിയിട്ടുണ്ട്. കുണ്ടറ പൊലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഉമയുടെ ഫോൺ പരിശോധിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. മൃതദേഹം കണ്ടെത്തിയ ക്വാർട്ടേഴ്‌സും പരിസരവും കാടുമൂടിയ നിലയിലാണ്.
ഇവിടെ സാമൂഹ്യ വിരുദ്ധരുടെ ശല്യം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസിന്‍റേയും ഡോഗ് സ്ക്വാഡിന്‍റേയും നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹത്തിന് ആറ് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ലോട്ടറി വിൽപ്പനക്കാരിയായ ഉമയ്ക്ക് രണ്ട് മക്കളുണ്ട്. വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. പൊലീസ് തെളിവുകൾ ശേഖരിച്ച് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു.