കൊല്ലം: നെടുവത്തൂർ വെൺമണ്ണൂരിൽ വന്യ ജീവി ആക്രമണത്തില്‍ നാട്ടുകാർ ഭീതിയിൽ. നെടുവത്തൂരിൽ രാജേഷിൻ്റെ വീട്ടിൽ വളർത്തിയിരുന്ന 200ലധികം മുട്ട കോഴികളാണ് വന്യജീവി ആക്രമണത്തിൽ ചത്തത്. രാത്രിയിലാണ് വീടിനോട് ചേർന്നുള്ള പഴയ വീടിൻ്റെ മുറിയിൽ വളർത്തിയിരുന്ന മുട്ട കോഴികളെ വന്യജീവി ആക്രമിച്ചത്. പ്രവാസിയായ രാജേഷ് 800ഓളം മുട്ടക്കോഴികളെയാണ് വളർത്തിയിരുന്നത്.
കോഴി വളർത്തിയിരുന്ന പഴയ വീടിൻ്റെ ആസ്ബറ്റോസ് ഷീറ്റിൻ്റെ ചെറിയ ദ്വാരത്തിലൂടെ അകത്ത് കടന്നാണ് വന്യ ജീവി കോഴികളെ ആക്രമിച്ചത്. കോഴിയെ കൊന്ന് ചോര കുടിച്ചതായാണ് സംശയിക്കുന്നത്. മാംസം കഴിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് മറ്റൊരു വീട്ടിലെ 30ഓളം കോഴികളും ഇതേ സാഹചര്യത്തില്‍ ചത്തിരുന്നു. കൊട്ടാരക്കര അന്നൂർ ഭാഗത്ത് കഴിഞ്ഞ ദിവസം പുലി ഇറങ്ങിയതായും അഭ്യൂഹം പരന്നിരുന്നു. വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കാട്ടുപൂച്ചയുടെ വർഗത്തിലുള്ള ഏതോ ജീവിയാണെന്നാണ് നിഗമനം. കുറച്ച് കാലമായി ഈ പ്രദേശത്ത് കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാണ്.