കൊല്ലം : വിസ്‌മയ കേസില്‍ നാളെ വിധി വരാനിരിക്കെ ഭര്‍ത്താവില്‍ നിന്നും താന്‍ നേരിട്ട പീഡനങ്ങള്‍ യുവതി പിതാവിനോട് വെളിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്ത്. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായുള്ള ശബ്‌ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവ് കിരണിൽ നിന്നും കൊടിയ മര്‍ദനങ്ങൾ നേരിട്ടുവെന്ന് കരഞ്ഞുകൊണ്ട് വിസ്‌മയ പറയുന്നു.
കോടതിക്ക് മുന്നിൽ എത്തിയ ഡിജിറ്റൽ തെളിവുകളിൽ പ്രധാനമാണ് ഈ ശബ്‌ദരേഖ. 'ഇവിടെ നിര്‍ത്തിയിട്ട് പോവുകയാണെങ്കില്‍ എന്നെ കാണുകയില്ല...സഹിക്കാന്‍ കഴിയുന്നില്ല...' എന്നിങ്ങനെയാണ് വിസ്‌മയ പറയുന്നത്. എനിക്ക് അങ്ങോട്ട് വരണം, കിരണ്‍ കുമാര്‍ മര്‍ദിക്കുന്നു. പേടിയാകുന്നു, ഞാന്‍ എന്തെങ്കിലും ചെയ്യും' എന്ന് വിസ്‌മയ അച്ഛനോട് പറയുന്നത് ശബ്‌ദരേഖയിൽ കേൾക്കാം.
ഈ ശബ്‌ദരേഖ നേരത്തെ വിചാരണവേളയില്‍ കോടതിക്ക് മുന്‍പാകെ എത്തിയതാണ്. ഇപ്പോഴാണ് ശബ്‌ദരേഖ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഈ സംഭാഷണം നടന്നത്. കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെ.എന്‍ സുജിത് ആണ് നാളെ വിധി പ്രഖ്യാപിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.
2020 മേയ് 30നാണ് ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്‌മയയെ മോട്ടോര്‍വാഹന വകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. 2021 ജൂണ്‍ 21ന് വിസ്‌മയയെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഏഴ് വകുപ്പുകളാണ്, കേസിലെ പ്രതിയും വിസ്‌മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്.
പ്രോസിക്യൂഷന്‍റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്‌തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്‌തു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്‌താരത്തിനിടെ കൂറുമാറിയിരുന്നു.