കൊല്ലം: മകളെ കൊവിഡ് പരിശോധനയ്ക്കായി കൊണ്ടുപോവുകയും ഇക്കാര്യങ്ങൾ മറച്ചുവച്ച് ജോലിയിൽ തുടരുകയും ചെയ്ത കൊല്ലം പുത്തൂർ സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. മകളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഡൽഹിയിൽ നിന്നും എത്തിയ മകളുടെ ശ്രവം പരിശോധനയ്ക്കായി എടുക്കുന്നതിന് കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും എസ്ഐ ആയിരുന്നു. പിന്നീട് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ തുടരുകയും മന്ത്രി പങ്കെടുത്ത പരിപാടിയിൽ ഉൾപ്പെടെ പങ്കെടുക്കുകയും ചെയ്തതായാണ് വിവരം. ഇതോടെ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഗുരുതരമായ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി എസ്ഐയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. അതേസമയം എസ്ഐയുടെ ശ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ഫലം വരുന്നതോടെ കൂടുതൽ നടപടികൾ സ്വീകരിക്കും. പുത്തൂർ പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരോടും പുറത്തിറങ്ങി ഉള്ള പ്രവർത്തനം തൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊട്ടാരക്കര ഡിവൈഎസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്.