കൊല്ലം: പൊലീസ് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊന്ന കേസെന്ന് റൂറല്‍ എസ്.പി. ഹരിശങ്കര്‍. കൊട്ടാരക്കര പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു എസ്.പി. ഉത്ര കേസ് തെളിയിക്കാനായതും അതിന് പിന്നിലെ പൊലീസിന്‍റെ പരിശ്രമവും അന്തര്‍ദേശീയ തലത്തില്‍ തന്നെ പഠനത്തിന് വിധേയമാക്കേണ്ടതാണ്. കേസിന്‍റെ വിധി വന്ന് കഴിഞ്ഞാല്‍ അതിനായി ശ്രമിക്കും. യാതൊരു തെളിവുമില്ലാത്ത കേസ് കൊലപാതകമാണന്ന് കണ്ടെത്താന്‍ തന്‍റെ ടീമിന് ഏറെ വിയര്‍ക്കേണ്ടിവന്നു.
അപകട മരണം അന്‍പത് ശതമാനം കുറക്കണമെന്ന് നിര്‍ദ്ദേശം നടപ്പാക്കിയ ഏക പൊലീസ് ജില്ലയാണ് ഇത്. കേസുകളുടെ എണ്ണം വന്‍ തോതില്‍ കുറക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹരിശങ്കറിന് വിജിലൻസ് ആൻഡ് ആന്‍റി കറപ്‌ഷനിലേക്ക് മാറ്റം കിട്ടി പോകുന്നതിന്‍റെ ഭാഗമായി ആണ് മീറ്റ് ദി പ്രസ്സ് സംഘടിപ്പിച്ചത്. പ്രസ് ക്ലബ്ബിന്‍റെ ഉപഹാരവും അദ്ദേഹത്തിന് കൈമാറി. രണ്ട് ദിവസത്തിനകം വയനാട് എസ്.പി ഇളങ്കോക്ക് ചാര്‍ജ്ജ് കൈമാറും.