കൊല്ലം : കൃഷിയിടങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കുലശേഖരപുരം നീലികുളം സ്വദേശി ഷംനാദും ആലപ്പുഴ കണ്ടല്ലൂർ സ്വദേശി കണ്ണനുമാണ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്. മൈനാഗപ്പള്ളി സ്വദേശി ഷംസുദ്ദീന്‍റെ പുരയിടത്തിൽ കക്കൂസ് മാലിന്യം തള്ളിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്.
മൈനാഗപ്പള്ളി സ്വദേശിയായ ഒരാളുടെ വീട്ടിൽ നിന്നും മാലിന്യം ശേഖരിച്ച ശേഷം പ്രതികൾ ഷംസുദ്ദീന്‍റെ പുരയിടത്തിൽ തള്ളുകയായിരുന്നു. കക്കൂസ് മാലിന്യം ശേഖരിച്ചശേഷം ജനവാസ മേഖലകളിലോ കൃഷിയിടങ്ങളിലോ തള്ളിയിട്ടു കടന്നുകളയുന്നതാണ് പ്രതികളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി പൊലീസിന്‍റെ സഹായത്തോടെ ശാസ്താംകോട്ട എസ്ഐ അനീഷ്, എഎസ്ഐ മാരായ സുരേഷ്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.