കൊല്ലം: ജില്ലയിൽ മയ്യനാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ മൂന്ന് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. പുനലൂർ സ്വദേശി സുരേഷ്, കോട്ടയം സ്വദേശി ജോയ് ജോസഫ്, കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘവും അറസ്റ്റ് ചെയ്‌തത്. വിളക്കു പാറയിൽ റബ്ബർ തടി വ്യാപാരം നടത്തി വരികയായിരുന്ന സുരേഷ് വ്യാപാരത്തിൽ നഷ്ടം വന്നതോടുകൂടി സുഹൃത്തായ ജോയ് ജോസഫും കൂടി ചേർന്ന് കഞ്ചാവ് വില്‍പന ആരംഭിക്കുകയായിരുന്നു.
മയ്യനാട് സ്വദേശി സന്തോഷിന്‍റെ പരിചയത്തിലുള്ള തമിഴ്‌നാട്ടിലെ ഉസിലാംപെട്ടി സ്വദേശിയായ പാണ്ടി എന്നയാളിൽ നിന്നും നാല് കിലോ കഞ്ചാവ് അറുപതിനായിരം രൂപയ്ക്ക് വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തി. മയ്യനാട് സന്തോഷിന് ഒരു കിലോ ഇരുനൂറ് ഗ്രാം കഞ്ചാവ് മയ്യനാട് തോപ്പിൽ മുക്കിൽ വെച്ച് കൈമാറുമ്പോഴാണ് എക്സൈസ് സംഘം മൂന്ന് പേരെയും പിടികൂടിയത്. തുടർന്ന് കാർ പരിശോധിച്ചതിൽ മുൻവശത്തെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.7 കിലോ കഞ്ചാവും കണ്ടെടുത്തു.
പുതുവത്സരത്തോട് അനുബന്ധിച്ച് കാപ്പിൽ-വർക്കല ബീച്ചുകൾ കേന്ദ്രീകരിച്ച് വിൽപന നടത്താൻ വേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതികൾ സമ്മതിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബീച്ചുകളിലും റിസോർട്ടുകളിലും വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു. കഞ്ചാവ് കടത്തികൊണ്ടു വന്ന ടാറ്റ ഇൻഡിക്ക കാറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.