കൊല്ലം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മൊബൈൽ ഫോൺ, വാഹന മോഷണ കേസുകളിൽ പ്രതികളായവരെ പിടികൂടി കുണ്ടറ പൊലീസ്. ചന്ദനതോപ്പിൽ നടന്ന വാഹന പരിശോധനക്കിടയിൽ പൂയപ്പള്ളിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി ഇരുവരും പൊലീസ് സംഘത്തിന്റെ മുന്‍പിൽ പെടുകയായിരുന്നു.
ALSO READ: വിദ്യാര്‍ഥിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സംശയം തോന്നിയ പൊലീസ്, യുവാക്കളെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതിലാണ് കൂടുതൽ മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. കണ്ണനല്ലൂർ ചേരിക്കോണം ഫൈസൽ മൻസിലിൽ ഫൈസൽ(22), ഓടനാവട്ടം മുളക്കോട് ഇടയിലവീട്ടിൽ അനീഷ് (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കുണ്ടറ, കൊട്ടിയം, എഴുകോൺ, കൊട്ടാരക്കര, പൂയപ്പള്ളി എന്നിവിടങ്ങളിലെ നിരവധി വാഹന മോഷണ കേസുകളിൽ പ്രതികളാണ് ഇവർ. അടുത്ത ദിവസങ്ങളിൽ കൊട്ടിയം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ചത് ഇവരാണെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച അഞ്ചോളാം മൊബൈൽ ഫോണുകളും ഇവരുടെ പക്കൽനിന്നും പൊലീസ് കണ്ടെടുത്തു.
ALSO READ: കുണ്ടറയിലും ഇളമ്പള്ളുരിലും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ
ഇവർ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നു. ഇവരുടെ സംഘത്തിൽ ഇനിയും കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. കുണ്ടറ സി.ഐയുടെ നേതൃത്വത്തിൽ,എസ്.ഐ ആന്‍റണി ജോസഫ് നെറ്റോ, എസ്.ഐ വിനോദ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സുഗുണൻ, എസ്.ഐമാരായ റോയ്, പ്രദീപ്, മഹേഷ്, സി.പി.ഒമാരായ അരുൺ കൃഷ്ണ, സജീർ,അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.